കെ.എൽ രാഹുലിനെ വിക്കറ്റ് കീപ്പറായി കളിപ്പിക്കണമെന്നത് ടീം മാനേജ്മെന്റിന്റെ തീരുമാനം ആണെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. റിഷഭ് പന്തിനെ ഒഴിവാക്കി കെ.എൽ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു സൗരവ് ഗാംഗുലി.
അടുത്തിടെ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന കെ.എൽ രാഹുലിന്റെ പ്രകടനത്തെ സൗരവ് ഗാംഗുലി അഭിനന്ദിക്കുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിൽ കെ.എൽ രാഹുലിന്റെ പ്രകടനം പിറകോട്ട് പോയെങ്കിലും ഏകദിന ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും കെ.എൽ രാഹുൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.
നിലവിൽ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറായി താൻ കളിക്കുന്നത് താൻ ഇഷ്ട്ടപെടുന്നുണ്ടെന്ന് കെ.എൽ രാഹുൽ നേരത്തെ വ്യക്തമാക്കിയിരുന്നു. റിഷഭ് പന്തിന് പരിക്കേറ്റതോടെയാണ് കെ.എൽ രാഹുൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്. തുടർന്ന് റിഷഭ് പന്ത് തിരിച്ചുവന്നിട്ടും കെ.എൽ രാഹുലിനെ വിക്കറ്റ് കീപ്പറായി നിലനിർത്തിയിരുന്നു.