പന്തിന്റെയും സാഹയുടെയും അഭാവത്തിൽ കെഎൽ രാഹുല്‍ സന്നാഹ മത്സരത്തിൽ കീപ്പിംഗ് ചെയ്യും

കൗണ്ടി സെലക്ട് ഇലവനെതിരെയുള്ള സന്നാഹ മത്സരത്തിൽ കെഎൽ രാഹുല്‍ കീപ്പിംഗ് ദൗത്യം ഏറ്റെടുക്കും. ഋഷഭ് പന്തും വൃദ്ധിമന്‍ സാഹയും ഐസൊലേഷനിലായതിനാലാണ് ഇത്. ഋഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ റിസള്‍ട്ട് നെഗറ്റീവെങ്കിലും സാഹയെ കരുതലെന്ന നിലയിലാണ് ഐസൊലേഷനിലേക്ക് നീക്കിയിരിക്കുന്നത്.

ജൂലൈ 4ന് ആണ് പന്ത് കോവിഡ് പോസിറ്റീവായത്. ഡര്‍ഹത്തിലേക്ക് സന്നാഹ മത്സരത്തിനായി ഇന്ത്യന്‍ ടീം നീങ്ങിയപ്പോള്‍ ഐസൊലേഷനിലെ താരങ്ങള്‍ ടീമിനപ്പം യാത്ര ചെയ്തിട്ടില്ല. ജൂലൈ 20ന് ആണ് സന്നാഹ മത്സരം ആരംഭിക്കുക. ഞായറാഴ്ച പന്തിന്റെ ക്വാറന്റീന്‍ കഴിയുമെങ്കിലും താരം മത്സരത്തിനിറങ്ങില്ല.