ഇടവേളകളില്ലാതെ ഇന്ത്യൻ ടീമിൽ ഇനി മലയാളികളുടെ സാന്നിധ്യമുണ്ടാകുമെന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം: ഇന്ത്യൻ ടീമിൽ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകാൻ പോകുന്നതിന്റെ തുടക്കമായിരിക്കും കേരള ക്രിക്കറ്റ് ലീഗെന്ന് ചലച്ചിത്രതാരം മോഹന്‍ലാല്‍ പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ അവതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിക്കറ്റ് ഒരു കായിക വിനോദത്തിനുമപ്പുറം ലോകമെമ്പാടും ഒരു വികാരമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം ആരാധകരുള്ള രണ്ട് കായികവിനോദങ്ങൾ ക്രിക്കറ്റും ഫുട്‌ബോളുമാണ്. രണ്ടിന്റേയും ഏതു മൽസരങ്ങൾക്കും ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന മലയാളികൾ ലോകമെമ്പാടുമുണ്ട്. പാടത്തും പറമ്പിലും ഓലമടലും ഓലപ്പന്തുമൊക്കെ ഉപയോഗിച്ച് ക്രിക്കറ്റ് കളിച്ചിരുന്ന ബാല്യമായിരുന്നു തങ്ങളുടേത്. ഇന്നത്തെ തലമുറ ധോണി മുതൽ സഞ്ജു സാസംൺ വരെ കയ്യൊപ്പിട്ട ബാറ്റുകളേന്തിയാണ് കളി പഠിക്കാനിറങ്ങുന്നത്. ക്രിക്കറ്റ് പരിശീലിക്കാൻ മികച്ച അവസരമാണ് ഇപ്പോള്‍ കേരള ക്രിക്കറ്റ് അസ്സോസിയേഷനും ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളും കളിക്കാർക്ക് നൽകുന്നത്. കേരളത്തിലുടനീളം പടർന്നുകിടക്കുന്ന ഗ്രൗണ്ടുകളും നല്ല പരിശീലകരും ഉള്‍പ്പെടെയുള്ള നല്ലകാര്യങ്ങളുടെ ഫലമായാണ് ഇന്ത്യൻ ക്രിക്കറ്റിൽ കേരളത്തിനു മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ പറ്റുന്നതെന്ന് മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.

വനിതാ ഇന്ത്യൻ ടീമിൽ ഈ വർഷം മിന്നു മണി, ആശാ ശോഭന, സജന സജീവൻ എന്നീ മൂന്നു മിടുക്കികള്‍ക്ക് അവസരംലഭിച്ചതുതന്നെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രവർത്തങ്ങൾ വിലയിരുത്താൻ ധാരാളമാണ്. ഒരുകൂട്ടം ക്രിക്കറ്റ് താരങ്ങളെ സൃഷ്ടിക്കാൻ സാധിച്ച കേരള ക്രിക്കറ്റ് അസോസിയേഷന് ഇനിയും ഇക്കാര്യത്തിൽ ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതിന് അവർക്ക് സാധിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

കേരളത്തിലെ കായികരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ രണ്ടായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞതായി ക്രിക്കറ്റ് ലീഗ് ചാംപ്യന്മാര്‍ക്കുള്ള ട്രോഫി അനാവരണം ചെയ്തുകൊണ്ട് കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. പങ്കാളിത്തത്തോടെയുള്ള നിക്ഷേപങ്ങള്‍ പതിന്മടങ്ങ് വര്‍ധിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും കേരളത്തിന്റെ കായിക സമ്പദ്ഘടന രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെയായി കായികരംഗത്തിന്റെ സംഭാവന വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. ക്രിക്കറ്റിലും ഫുട്ബോളിലും പ്രൊഫഷണല്‍ ലീഗുകള്‍ ആരംഭിക്കുന്നതിലൂടെ വലിയതോതിലുള്ള നിക്ഷേപമാണ് കേരളത്തില്‍ വരിക. സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയില്‍ ശക്തമായ സംഭവാനകള്‍ നല്‍കാന്‍ ക്രിക്കറ്റ് അസോസിയേഷന് സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ക്രിക്കറ്റ് ലീഗിനായി തയ്യാറാക്കിയ പ്രത്യേക ഗാനത്തിന്റെ പ്രകാശനവും മോഹന്‍ലാല്‍ നിര്‍വഹിച്ചു. കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കേരള ക്രിക്കറ്റ് ലീഗ് ചെയര്‍മാന്‍ നാസര്‍ മച്ചാന്‍, വനിതാ ക്രിക്കറ്റ് ഗുഡ്‌വില്‍ അംബാസിഡര്‍ കീര്‍ത്തി സുരേഷ് എന്നിവരും ഫ്രാഞ്ചൈസി ഉടമകളും ടീം അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

ക്രിക്കറ്റ് പൂരത്തിനൊരുങ്ങി തൃശൂർ ടൈറ്റൻസ് ; ജഴ്സിയും ടീം ആന്തവും പുറത്തിറക്കി

തൃശൂര്‍: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് ഒരുങ്ങി തൃശൂർ ടൈറ്റൻസ്. ഇതിന്റെ ഭാഗമായി ടീമിന്റെ ജഴ്സിയും ആന്തവും പുറത്തിറക്കി. തൃശൂര്‍ അത്രേയ ക്രിക്കറ്റ് അക്കാദമിയില്‍ വച്ച് നടന്ന പ്രൌഡ ഗംഭീരമായ ചടങ്ങില്‍ ടൈറ്റന്‍സിന്റെ പരിശീലകനും മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സുനില്‍ ഒയാസിസ്, ടീമംഗം വരുണ്‍ നായനാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചലച്ചിത്രതാരം ദേവ് മോഹൻ, ടൈറ്റന്‍സ് ടീം ഉടമ സജ്ജാദ് സേട്ട്, എന്നിവര്‍ ചേര്‍ന്നാണ് ജഴ്സി പുറത്തിറക്കിയത്. ചടങ്ങില്‍ തൃശൂര്‍ ടൈറ്റന്‍സിന്റെ ക്യാപ്പ്റ്റനായി വരുണ്‍ നായനാരെ പ്രഖ്യാപിച്ചു.

‘ഞങ്ങള്‍ തൃശൂര്‍ ടൈറ്റന്‍സ്’ എന്ന ടീം ആന്തം ടൈറ്റന്‍സ് ടീം സി.ഇ.ഒ ശ്രീജിത്ത് രാജന്‍ പുറത്തിറക്കി. പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവായ ബി.കെ. ഹരിനാരായണന്‍ രചിച്ച ആന്തത്തിന് സംഗീതം നല്‍കിയിരിക്കുന്നത് നിരഞ്ജ് സുരേഷാണ്. സച്ചിന്‍ വാര്യറും നിരഞ്ജ് സുരേഷും ചേര്‍ന്നാണ് ആന്തം സോങ്ങ് ആലപിച്ചിരിക്കുന്നത്.

തൃശൂരിന്റെ സ്വന്തം പൂരത്തില്‍ നിന്നും അതിന്റെ പീതവര്‍ണത്തില്‍ നിന്നും സമൃദ്ധമായ പ്രകൃതിയുടെ പച്ചപ്പില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടാണ് ടൈറ്റന്‍സിന്റെ ജഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഉത്സവനഗരിയായ തൃശൂരിനും ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിന്റെ പ്രകൃതിമനോഹാരിതയ്ക്കുമുള്ള സമര്‍പ്പണമാണ് ജഴ്‌സിയുടെ രൂപകല്പ്പനയെന്ന് ടീം ഉടമ സജ്ജാദ് സേട്ട് പറഞ്ഞു.

‘ക്രിക്കറ്റുമായി ഞങ്ങള്‍ക്ക് തുടക്കം മുതലേ ഒരു ആത്മബന്ധമുണ്ടായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് കളിക്കാര്‍ക്ക് വളരെ ശോഭനമായ ക്രിക്കറ്റിങ് ഭാവി സ്വപ്‌നം കാണാനുള്ളൊരു മികച്ച അവസരമാണ്. അതിന് പുറമേ കേരളത്തില്‍ ക്രിക്കറ്റ് കളിയുടെ നിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങളില്‍ സഹായിക്കാന്‍ കഴിയുന്നതിലൂടെ മുന്‍ കളിക്കാരെന്ന നിലയില്‍ ഈ കായികയിനത്തിന് എന്തെങ്കിലും തിരിച്ചുനല്‍കാനുള്ള അവസരമാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഭാവിയില്‍ കേരളത്തില്‍ നിന്നുള്ള കൂടുതല്‍ കളിക്കാര്‍ ടെസ്റ്റ് മത്സരങ്ങളിലും, ട്വന്റി ട്വന്റി മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്‌സി അണിയുകയും ഐപിഎല്‍ ടീമുകളില്‍ ഇടം നേടുകയും ചെയ്യുമെന്നതില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്’, സജ്ജാദ് സേട്ട് പറഞ്ഞു.

കൊച്ചി ആസ്ഥാനമായ ക്രിയേറ്റിവ് ഏജന്‍സി പോപ്കോണ്‍ കഴിഞ്ഞ രണ്ടു സീസണ്‍ ആയി ചെയ്തുവരുന്ന ‘വാട്ട് ഈസ് യുവര്‍ ഹൈ’ എന്ന സിഎസ്ആര്‍ ഉദ്യമത്തില്‍ ഈ സീസണില്‍ തൃശൂര്‍ ടൈറ്റന്‍സ് പങ്കുചേരുന്നതായി ടീം മെന്റ്റര്‍ സുനില്‍ അറിയിച്ചു. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ ഏതെങ്കിലുമൊരു കായിക ഇനത്തില്‍ ഏര്‍പ്പെടുക എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ‘സ്പോര്‍ട്സ് ഈസ് ഔര്‍ ഹൈ’ എന്ന തീമില്‍ ചുവര്‍ ചിത്ര രചനാ മത്സരമാണ് ഈ വര്‍ഷം ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ചിട്ടുള്ളത്. അതിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. കേരളത്തിലുടനീളമുള്ളവര്‍ക്ക് മത്സരത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കാമെന്ന് സുനില്‍ അറിയിച്ചു. ചടങ്ങിൽ തൃശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ജോസ് പോൾ സംസാരിച്ചു.

കേരള ക്രിക്കറ്റ് ടീം അംഗവും ഐ.പി.എല്‍ താരവുമായ വിഷ്ണു വിനോദാണ് ടീമിന്റെ ഐക്കണ്‍ താരം. ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ ക്രിക്കറ്റിലെ ശ്രദ്ധേയ താരമായ വരുണ്‍ നായനാരെ 7.2 ലക്ഷം രൂപയ്ക്കാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. കേരളത്തിന്റെ അണ്ടര്‍ -19 ടീമിലെത്തി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടി ശ്രദ്ധനേടിയ താരമെന്ന വിശേഷണവും വരുണിന് സ്വന്തമാണ്. അഭിഷേക് പ്രതാപ് (ഓള്‍ റൗണ്ടര്‍), മോനു കൃഷ്ണ (വിക്കറ്റ് കീപ്പര്‍), ആദിത്യ വിനോദ് (ബൗളര്‍), അനസ് നസീര്‍ (ബാറ്റ്‌സ്മാന്‍), മൊഹമ്മദ് ഇഷാഖ് (ബൗളര്‍), ഗോകുല്‍ ഗോപിനാഥ് (ബൗളര്‍), അക്ഷയ് മനോഹര്‍ (ഓള്‍ റൗണ്ടര്‍), ഇമ്രാന്‍ അഹമ്മദ് (ഓള്‍ റൗണ്ടര്‍), ജിഷ്ണു എ (ഓള്‍ റൗണ്ടര്‍), അര്‍ജുന്‍ വേണുഗോപാല്‍ (ഓള്‍ റൗണ്ടര്‍), ഏഥന്‍ ആപ്പിള്‍ ടോം (ഓള്‍ റൗണ്ടര്‍) വൈശാഖ് ചന്ദ്രന്‍ (ഓള്‍ റൗണ്ടര്‍), മിഥുന്‍ പികെ (ഓള്‍റൗണ്ടര്‍), നിതീഷ് എംഡി (ബൗളര്‍), ആനന്ദ് സാഗര്‍ (ബാറ്റ്സ്മാന്‍), നിരഞ്ചന്‍ ദേവ് (ബാറ്റ്സ്മാന്‍) എന്നിവരാണ് ടൈറ്റന്‍സിലെ മറ്റ് ടീം അംഗങ്ങള്‍. സെപ്റ്റംബര്‍ 2 മുതല്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. തൃശൂര്‍ ടൈറ്റന്‍സ് കൂടാതെ, മറ്റു അഞ്ച് ടീമുകള്‍ കൂടി മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

വിഷ്ണു വിനോദ് , വരുൺ നയനാർ ഉൾപ്പെടെ കരുത്തരെ കളത്തിലിറക്കി ടൈറ്റൻസ്; ജേഴ്സി 18 ന് തൃശൂരിൽ പുറത്തിറക്കും

കേരള ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ മികച്ച താരങ്ങളെ കളത്തിലിറക്കി ചൂടേറിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് തൃശ്ശൂര്‍ ടൈറ്റന്‍സ്. ടീമിന്‍റെ ജഴ്സി 18 ന് പുറത്തിറക്കും. ദേശീയ ക്രിക്കറ്റിലെ മികച്ച താരങ്ങളായ വിഷ്ണു വിനോദും വരുണ്‍ നയനാരും ഉള്‍പ്പെടെ ഒരുപിടി മികച്ച താരങ്ങളെ അണിനിരത്തിയാണ് തൃശൂര്‍ ടൈറ്റന്‍സ് കേരള ക്രിക്കറ്റ് ലീഗില്‍ മാറ്റുരയ്ക്കുന്നത്.

ഐ.പി.എല്‍ താരമായ വിഷ്ണു വിനോദാണ് ടൈറ്റന്‍സിന്‍റെ ഐക്കണ്‍ പ്ലെയര്‍. 2014 ല്‍ മുഷ്താഖ് അലി ട്രോഫി സീസണിൽ കേരളത്തിന് വേണ്ടി തന്‍റെ ആദ്യ ട്വൻ്റി 20 മത്സരത്തിലൂടെയാണ് വിഷ്ണുവിന്‍റെ അരങ്ങേറ്റം. നിലവില്‍ കേരള ടീമിലെ മികച്ച വിക്കറ്റ് കീപ്പറും ബാറ്ററുമാണ് താരം. 2016 ലെ രഞ്ജി ട്രോഫിയിലാണ് കേരളത്തിനുവേണ്ടി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയത്. 2018 -19 ലെ രഞ്ജിയില്‍ മധ്യപ്രദേശിനെതിരെ 282 പന്തില്‍ നിന്ന് 193 രണ്സ് നേടിയ വിഷ്ണു തന്‍റെ കന്നി സെഞ്ച്വറി സ്വന്തമാക്കി. തുടര്‍ന്ന് 2019-20 ലെ വിജയ് ഹസാരെ ട്രോഫിയിൽ 8 മത്സരങ്ങളിൽ നിന്ന് 3 സെഞ്ച്വറികൾ ഉൾപ്പെടെ 63.50 ശരാശരിയോടെ 508 റൺസ് നേടിയ വിഷ്ണു കേരളത്തിൻ്റെ ടോപ് റൺ സ്‌കോററായിരുന്നു. വിഷ്ണുവിന്‍റെ മികച്ച പ്രകടനം കണക്കിലെടുത്ത് 2019-20 സീസണിലെ ദിയോധർ ട്രോഫിക്കുവേണ്ടിയുള്ള മത്സരത്തില്‍ ഇന്ത്യ എ ടീമിലേയ്ക്ക് തെരഞ്ഞെടുത്തു. 2022 സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ തമിഴ്‌നാടിനെതിരെ ഏഴ് സിക്‌സറുകൾ ഉൾപ്പെടെ 26 പന്തിൽ 65 റൺസ് നേടിയ മത്സരം തോല്‍‌വിയില്‍ അവസാനിച്ചെങ്കിലും വിഷ്ണുവിന്‍റെ പ്രകടനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. 2021-22 സീസണിലെ വിജയ് ഹസാരെ ട്രോഫിയിൽ ശ്രദ്ധേയ പ്രകടനമാണ് വിഷ്ണു പുറത്തെടുത്തത്. മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിൽ കേരളത്തിനായി സിജോമോൻ ജോസഫിനൊപ്പം 174 റൺസിൻ്റെ റെക്കോർഡ് ഏഴാം വിക്കറ്റും സൃഷ്ടിച്ചു.
2017 ലായിരുന്നു ഐ.പി. എല്ലില്‍ കളിക്കാനായി വിഷ്ണുവിന് ക്ഷണം ലഭിക്കുന്നത്. ബംഗ്ലോര്‍ റോയല്‍ ചലഞ്ചേഴ്സ് ടീമിന് വേണ്ടിയാണ് വിഷ്ണു കരാര്‍ ഒപ്പിടുന്നത്. വിക്കറ്റ് കീപ്പർ-ബാറ്റർ കെഎൽ രാഹുലിന് പകരക്കാരനായിട്ടാണ് വിഷ്ണു എത്തുന്നത്. തുടര്‍ന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ്,സണ്‍ റൈസേഴ്ഷ് ഹൈദരാബാദ്,മുബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി വിഷ്ണു ജേഴ്സി അണിഞ്ഞു. 2023 ലെ ഐ.പി.എല്ലില്‍ മുബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരത്തില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് വിഷ്ണു പുറത്തെടുത്തത്. ഒറ്റ മത്സരം കൊണ്ട് തന്നെ മുംബൈ ഇന്ത്യൻസ് ആരാധകരുടെ പ്രിയങ്കരനായി മാറി വിഷ്ണു. മുംബൈ തകരുമെന്ന ഘട്ടത്തില്‍ ക്രീസിലെത്തിയ വിഷ്ണു, സൂര്യുകുമാറിനൊപ്പം 65 റണ്‍സാണ് കൂട്ടിചേര്‍ത്തത്. തുടര്‍ന്ന് പ്ലെയര്‍ ഓഫ് ദി മാച് പുരസ്കാരവും വിഷ്ണുവിന് ലഭിച്ചു.

കണ്ണൂര്‍ സ്വദേശി വരുണ്‍ നയനാരെ 7.2 ലക്ഷം രൂപയ്ക്കാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. തന്‍റെ 16 വയസ്സില്‍ അണ്ടര്‍ 19 ടീമിലെത്തിയ വരുണ്‍ നയനാര്‍ കുച്ച് ബീഹാര്‍ ട്രോഫിയില്‍ സൗരാഷ്ട്രയുമായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ കേരളത്തിന്‌ വേണ്ടി ഡബിള്‍ സെഞ്ചുറി നേടിയാണ്‌ കേരള ക്രിക്കറ്റിലെ മിന്നും താരമായത്. 370 പന്തുകൾ നീണ്ട ആ ഇന്നിങ്സിന് അകമ്പടിയായി 25 ബൗണ്ടറികളാണ് അന്ന് വരുണ്‍ സമ്മാനിച്ചത്. ആ സീസണിൽ തന്നെ കേരളത്തിന്റെ അണ്ടർ 16 ടീമിനു വേണ്ടിയും കളിച്ചു. വിജയ് മെർച്ചന്റ് ട്രോഫിയിൽ ആറ് മൽസരങ്ങളിൽ രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ദ്ധ സെഞ്ചുറിയുമായി അടിച്ചു കൂട്ടിയത് 528 റൺസ്. പ്രായത്തെ മറികടന്ന് അണ്ടർ 19 ടീമിലേക്ക് വാതിൽ തുറന്നതും ഈ പ്രകടനമാണ്. തുടര്‍ന്ന് വിവിധ ടൂര്‍ണമെന്‍റുകള്‍ കളിച്ച താരം പിന്നീട് ഇന്ത്യ അണ്ടര്‍ 19 ടീമിലും ഇടം നേടിയിരുന്നു. കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് ടീം, കെസിഎ ടൈഗേഴ്‌സ് എന്നിവയ്ക്ക് വേണ്ടിയും വരുണ്‍ കളിച്ചിട്ടുണ്ട്.

ദുബായിൽ താമസമാക്കിയ കോഴിക്കോട് സ്വദേശി ദീപക് കാരാലിന്റെയും പയ്യന്നൂർ സ്വദേശി പ്രിയയുടെയും മകനായ ദീപക് കളി പഠിച്ചു തുടങ്ങിയതു ദുബായിലെ തന്നെ ക്രിക്കറ്റ് അക്കാദമിയിലാണ്.

കേരള ക്രിക്കറ്റ് ലീഗ്; വരുണ്‍ നയനാരിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തൃശൂര്‍ ടൈറ്റന്‍സ്

തൃശൂര്‍: കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള വാശിയേറിയ താരലേലത്തില്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ വരുണ്‍ നയനാറിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി സജ്ജാദ് സേഠിന്റെ ഉടമസ്ഥതയിലുള്ള തൃശൂര്‍ ടൈറ്റന്‍സ്. തിരുവനന്തപുരത്ത് നടന്ന താരലേലത്തില്‍ ഏറ്റവും വിലപിടുപ്പുള്ള രണ്ടാമത്തെ താരമായിരുന്നു വരുണ്‍. വാശിയേറിയ ലേലമായിരുന്നു താരത്തിനായി നടന്നത്. കണ്ണൂര്‍ സ്വദേശിയായ വരുണ്‍ 14-ാം വയസു മുതല്‍ കേരള ടീമിനു വേണ്ടി കളിക്കുന്നുണ്ട്.

കേരളത്തിന്റെ അണ്ടര്‍ -19 ടീമിലെത്തി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടി ശ്രദ്ധനേടിയ താരമെന്ന വിശേഷണവും വരുണിന് സ്വന്തമാണ്. കുച്ച് ബിഹാര്‍ ട്രോഫിയില്‍ സൗരാഷ്ട്രക്കെതിരെ കേരളത്തിന് വേണ്ടി 209 റണ്‍സടിച്ചായിരുന്നു വരുണ്‍ അരങ്ങേറ്റം ഗംഭീരമാക്കിയത്. തുടര്‍ന്ന് വിവിധ ടൂര്‍ണമെന്റുകള്‍ കളിച്ച താരം പിന്നീട് ഇന്ത്യ അണ്ടര്‍ 19 ടീമിലും ഇടം നേടിയിരുന്നു. കണ്ണൂര്‍ ജില്ല ക്രിക്കറ്റ് ടീം, കെസിഎ ടൈഗേഴ്‌സ് എന്നിവയ്ക്ക് വേണ്ടിയും വരുണ്‍ കളിച്ചിട്ടുണ്ട്. ദുബായില്‍ താമസമാക്കിയ ദീപക് കാരാലിന്റെയും പയ്യന്നൂര്‍ സ്വദേശി പ്രിയയുടെയും മകനാണ് വരുണ്‍. മുംബൈ ഇന്ത്യന്‍സ് താരവും മലയാളിയുമായ വിഷ്ണു വിനോദാണ് തൃശൂര്‍ ടൈറ്റന്‍സിന്റെ ഐക്കണ്‍ സ്റ്റാര്‍. ടി20 ക്രിക്കറ്റ് ലീഗില്‍ കരുത്തുറ്റ ടീമിനെയാണ് തൃശൂര്‍ ടൈറ്റന്‍സ് സ്വന്തമാക്കിയതെന്ന് ടീം ഉടമയും ഫിനെസ്സ് ഗ്രൂപ്പ് ഡയറക്ടറുമായ സജ്ജാദ് സേഠ് പറഞ്ഞു. ഏഴ് ബാറ്റര്‍മാര്‍, മൂന്ന് ഓള്‍ റൗണ്ടേഴ്‌സ്, നാല് ഫാസ്റ്റ് ബൗളേഴ്‌സ്, മൂന്ന് സ്പിന്നേഴ്‌സ് ഉള്‍പ്പെടുന്നതാണ് തൃശൂര്‍ ടൈറ്റന്‍സ് ടീം.

മറ്റു ടീം അംഗങ്ങളും ചെലവഴിച്ച തുകയും-അബിഷേക് പ്രതാപ് (ഓള്‍ റൗണ്ടര്‍-85,000),മോനു കൃഷ്ണ(വിക്കറ്റ് കീപ്പര്‍-1,10,000),ആദിത്യ വിനോദ് (ബൗളര്‍-50000), അനസ് നസീര്‍(ബാറ്റ്‌സ്മാന്‍-50,000), മൊഹമ്മദ് ഇഷാഖ് (ബൗളര്‍-100000), ഗോകുല്‍ ഗോപിനാഥ്(ബൗളര്‍-100000), അക്ഷയ് മനോഹര്‍ (ഓള്‍ റൗണ്ടര്‍-360000), ഇമ്രാന്‍ അഹമ്മദ്(ഓള്‍ റൗണ്ടര്‍-100000),ജിഷ്ണു എ(ഓള്‍ റൗണ്ടര്‍-190000), അര്‍ജുന്‍ വേണുഗോപാല്‍(ഓള്‍ റൗണ്ടര്‍-100000), ഏഥന്‍ ആപ്പിള്‍ ടോം(ഓള്‍ റൗണ്ടര്‍-200000),വൈശാഖ് ചന്ദ്രന്‍( ഓള്‍ റൗണ്ടര്‍-300000), മിഥുന്‍ പികെ(ഓള്‍റൗണ്ടര്‍-380000),നിതീഷ് എംഡി(ബൗളര്‍-420000), ആനന്ദ് സാഗര്‍( ബാറ്റര്‍-130000),നിരഞ്ചന്‍ ദേവ്(ബാറ്റര്‍-100000).

പ്രഥമ കേരള ക്രിക്കറ്റ് ലീഗ് മത്സരത്തിനുള്ള ലേലത്തില്‍ മികച്ച കളിക്കാരെ സ്വന്തമാക്കി ആലപ്പി റിപ്പിള്‍സ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗ് സീസണ് മുന്നോടിയായുള്ള കളിക്കാരുടെ ലേലം പൂര്‍ത്തിയായി. മികച്ച മുന്‍നിര താരങ്ങളെ സ്വന്തമാക്കാന്‍ എല്ലാ ടീമുകളും ശ്രമിച്ചപ്പോള്‍ വാശിയേറിയ ലേലത്തിനാണ് തിരുവനന്തപുരം ഹയാത്ത് റീജന്‍സി സാക്ഷ്യം വഹിച്ചത്.

അക്ഷയ് ചന്ദ്രന്‍, കൃഷ്ണ പ്രസാദ്, വിനൂപ് മനോഹരന്‍ എന്നിവരെ സ്വന്തമാക്കി ആലപ്പി റിപ്പിള്‍സ് ശക്തമായ സ്‌ക്വാഡിനെ തന്നെയാണ് ഒരിക്കിയിരിക്കുന്നത്. നേരത്തെ, ഐ. പി. എല്‍ താരമായ മുഹമ്മദ് അസ്ഹറുദ്ദിനെ ടീമിന്റെ ഐക്കണ്‍ താരമായി പ്രഖ്യാപിച്ചിരുന്നു. 6.2 ലക്ഷം രൂപക്ക് സ്വന്തമാക്കിയ ബാറ്റര്‍ കൃഷ്ണ പ്രസാദിനാണ് റിപ്പിള്‍സ് ഏറ്റവും കൂടുതല്‍ പണം ചെലവിട്ടത്. അക്ഷയ് ചന്ദ്രന്‍ (5 ലക്ഷം), വിനൂപ് മനോഹരന്‍ (3.2 ലക്ഷം), ഫനൂസ് ഫൈസ് (3 ലക്ഷം), വിശ്വേശ്വര്‍ സുരേഷ് (2.4 ലക്ഷം), അനന്ദ് ജോസഫ് (2 ലക്ഷം), രോഹന്‍ നായര്‍ (2.2 ലക്ഷം), നീല്‍ സണ്ണി (2.2 ലക്ഷം), ആസിഫ് അലി (1 ലക്ഷം), അല്‍ഫി ഫ്രാന്‍സിസ് ജോണ്‍ (1 ലക്ഷം), അക്ഷയ് ശിവ് (0.5 ലക്ഷം), ഉജ്വല്‍ കൃഷ്ണ (0.55 ലക്ഷം), വൈശാഖ് ചന്ദ്രന്‍ (0.5 ലക്ഷം), വിഘ്നേഷ് പുത്തൂര്‍ (0.75 ലക്ഷം), അതുല്‍ സൗരി (0.5 ലക്ഷം), അഫ്രാദ് റിഷബ് (0.5 ലക്ഷം), അക്ഷയ് ടി കെ (1.1 ലക്ഷം), കിരണ്‍ സാഗര്‍ (1 ലക്ഷം), പ്രസൂണ്‍ പി (0.7 ലക്ഷം) എന്നിവരാണ് റിപ്പിള്‍സ് ടീമിലെ മറ്റു കളിക്കാര്‍.

പ്രമുഖ ഗള്‍ഫ് വ്യവസായി ടി. എസ്. കലാധരന്റെ നേതൃത്വത്തിലുള്ള കണ്‍സോള്‍ ഷിപ്പിങ് സര്‍വീസസിന് പുറമെ റാഫെല്‍ തോമസ്, നിജി ഇസ്മയില്‍, ഷൈബു മാത്യു എന്നിവരാണ് ടീമിന്റെ ഉടമസ്ഥര്‍.

“ശരിയായ കളിക്കാരെ ഏറ്റവും യോജിച്ച വിലയിൽ സ്വന്തമാക്കുവാൻ ശ്രമിക്കുക എന്നതായിരുന്നു ഞങ്ങളുടെ ജോലി. അതിനായി, കൃത്യമായ ആസൂത്രണം തയ്യാറാക്കിയിരുന്നു. അതികൊണ്ടുതന്നെ, തിരഞ്ഞെടുപ്പെല്ലാം എളുപ്പമുള്ള തീരുമാനമായിരുന്നു. ഇനിയാണ് ശെരിക്കുള്ള ജോലി ആരംഭിക്കുന്നത്. ഈ ടൂർണമെൻ്റ് ആസ്വദിക്കാൻ കളിക്കാര്‍ക്ക് ഏറ്റവും മികച്ച പിന്തുണ നൽകും.” ടീം ഉടമസ്ഥൻ ടി. എസ്. കലാധരൻ പറഞ്ഞു.
മുന്‍ ഐ. പി. എല്‍ ഫാസ്റ്റ് ബൗളര്‍ പ്രശാന്ത് പരമേശ്വരനാണ് ആലപ്പി റിപ്പിള്‍സിന്റെ ഹെഡ് കോച്ച്.

Exit mobile version