കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നാല് വിക്കറ്റിന് തോല്പിച്ച് തൃശൂർ ടൈറ്റൻസ്, സെമിയിൽ എതിരാളി കൊല്ലം സെയിലേഴ്സ്

കെസിഎല്ലിൽ ലീഗ് ഘട്ടത്തിലെ അവസാന മല്സരത്തിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ നാല് വിക്കറ്റിന് തോല്പിച്ച് തൃശൂർ ടൈറ്റൻസ്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ 18.1 ഓവറിൽ ലക്ഷ്യത്തിലെത്തി. വിജയത്തോടെ 12 പോയിൻ്റുമായി തൃശൂർ രണ്ടാം സ്ഥാനത്തേയ്ക്ക് മുന്നേറി. സെമിയിൽ കൊല്ലം സെയിലേഴ്സിനെയാണ് തൃശൂർ ടൈറ്റൻസ് നേരിടുക. തൃശൂരിന് വേണ്ടി അർദ്ധ സെഞ്ച്വറി നേടിയ ആനന്ദ് കൃഷ്ണനാണ് പ്ലെയർ ഓഫ് ദി മാച്ച്.

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന് രോഹൻ കുന്നുമ്മലും അമീർഷായും ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. കൂറ്റൻ ഷോട്ടുകൾ പായിച്ച രോഹൻ കുന്നുമ്മലിൻ്റെ മികവിൽ മികച്ച റൺറേറ്റിലാണ് കാലിക്കറ്റിൻ്റെ സ്കോർ മുന്നോട്ട് നീങ്ങിയത്. 26 പന്തുകളിൽ 40 റൺസെടുത്ത രോഹൻ കുന്നുമ്മലിനെ ശരത്ചന്ദ്രപ്രസാദ് പുറത്താക്കി. തുടർന്ന് അടുത്തടുത്ത ഇടവേളകളിൽ വിക്കറ്റുകൾ വീണത് കാലിക്കറ്റിൻ്റെ റൺറേറ്റിനെ ബാധിച്ചു. പ്രീതിഷ് പവനും അഖിൽ സ്കറിയയും നാല് റൺസ് വീതം നേടിയും അജിനാസും അൻഫലും അഞ്ച് റൺസ് വീതമെടുത്ത് പുറത്തായി. കാലിക്കറ്റിനായി ഒപ്പണറായി ഇറങ്ങിയ അമീർഷ 29 പന്തിൽ 38 റൺസും നേടി.

ഏഴാം വിക്കറ്റിൽ സച്ചിൻ സുരേഷും കൃഷ്ണദേവനും ചേർന്ന് അഞ്ചോവറിൽ നേടിയ 54 റൺസാണ് കാലിക്കറ്റിൻ്റെ സ്കോർ 150 കടത്തിയത്. കഴിഞ്ഞ മല്സരങ്ങളിലെ മികവ് ആവർത്തിച്ച കൃഷ്ണദേവൻ 14 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സുമടക്കം 26 റൺസെടുത്തു.സച്ചിൻ സുരേഷ് 32 റൺസെടുത്തു. തൃശൂരിന് വേണ്ടി ശരത്ചന്ദ്രപ്രസാദ്, സിബിൻ ഗിരീഷ്, അമൽ രമേഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് തുടക്കത്തിൽ തന്നെ ഫോമിലുള്ള അഹ്മദ് ഇമ്രാനെ നഷ്ടമായി. രണ്ടാം വിക്കറ്റിൽ ആനന്ദ് കൃഷ്ണനും ഷോൺ റോജറും ചേർന്നുള്ള കൂട്ടുകെട്ടാണ് തൃശൂരിൻ്റെ വിജയത്തിൽ നിർണ്ണായകമായത്. ഉജ്ജ്വലമായ ഫോമിൽ ബാറ്റ് വീശിയ ഷോൺ റോജർ 15 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 34 റൺസ് നേടി. ഷോൺ റോജറും അക്ഷയ് മനോഹറും തുടരെയുള്ള ഓവറുകളിൽ പുറത്തായത് മധ്യ ഓവറുകളിൽ സ്കോറിങ്ങിനെ ബാധിച്ചു. മറുവശത്ത് ഉറച്ച് നിന്ന ആനന്ദ കൃഷ്ണൻ അർദ്ധ സെഞ്ച്വറി നേടി. സ്കോർ 111ൽ നില്ക്കെ 60 റൺസെടുത്ത ആനന്ദ് കൃഷ്ണൻ മടങ്ങി.

എന്നാൽ സമ്മർദ്ദ ഘട്ടങ്ങളിൽ മികച്ചൊരു ഇന്നിങ്സുമായി കളം നിറഞ്ഞ അജു പൌലോസ് ടീമിന് വിജയമൊരുക്കി. ടൂർണ്ണമെൻ്റിൽ ആദ്യ മല്സരം കളിക്കുന്ന അജു പൌലോസ് സിബിൻ ഗിരീഷുമായി ചേർന്ന് 52 റൺസ് കൂട്ടിച്ചേർത്തു. 34 പന്തുകളിൽ 44 റൺസാണ് അജു പൌലോസ് നേടിയത്. സിബിൻ ഗിരീഷ് 15 റൺസെടുത്തു. കാലിക്കറ്റിനായി അൻഫലും അജിത് രാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആലപ്പി റിപ്പിൾസിനെതിരെ നാല് വിക്കറ്റ് വിജയം, കൊല്ലം സെയിലേഴ്സ് സെമിയിൽ

തിരുവനന്തപുരം: ആലപ്പി റിപ്പിൾസിനെ നാല് വിക്കറ്റിന് തോല്പിച്ച് കൊല്ലം സെയിലേഴ്സ് കെസിഎല്ലിൻ്റെ സെമിയിൽ കടന്നു. തോൽവിയോടെ ആലപ്പി റിപ്പിൾസ് ടൂർണ്ണമെൻ്റിൽ നിന്ന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം മൂന്നോവർ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. കൊല്ലത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ എ ജി അമലാണ് പ്ലെയർ ഓഫ് ദി മാച്ച്.

ആദ്യം ബാറ്റ് ചെയ്ത ആലപ്പിയ്ക്ക് വേണ്ടി ജലജ് സക്സേനയും എ കെ ആകർഷും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. ആകർഷ് തകർത്തടിച്ചപ്പോൾ ആദ്യ ഓവറുകളിൽ ആലപ്പിയുടെ ഇന്നിങിസ് അതിവേഗം മുന്നോട്ട് നീങ്ങി. എട്ട് റൺസെടുത്ത ജലജ് സക്സേന തുടക്കത്തിൽ തന്നെ മടങ്ങി. തുടർന്നെത്തിയ ആകാശ് പിള്ളയ്ക്കൊപ്പം ചേർന്ന് ആകർഷ് ഇന്നിങ്സ് മുന്നോട്ട് നീക്കി. എട്ടാം ഓവറിൽ സച്ചിൻ ബേബിയുടെ പന്തിൽ ആകർഷ് പുറത്തായത് ആലപ്പിയ്ക്ക് തിരിച്ചടിയായി. പിന്നീടെത്തിവർക്ക് മികച്ച റൺറേറ്റ് നിലനിർത്തായില്ല. ആകാശ് പിള്ളയും അനൂജ് ജോതിനും 33 റൺസ് വീതം നേടി. തുടർന്നെത്തിയവരിൽ ആർക്കും രണ്ടക്കം പോലും കടക്കാൻ കഴിഞ്ഞില്ല. മൂന്നോവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ എ ജി അമലാണ് കൊല്ലം ബൌളിങ് നിരയിൽ തിളങ്ങിയത്. പവൻ രാജ് മൂന്നോവറിൽ 13 റൺസ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തിന് ഓപ്പണർ ഭരത് സൂര്യയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. നാല് റൺസെടുത്ത സച്ചിൻ ബേബി റണ്ണൌട്ടായി. 25 റൺസെടുത്ത അഭിഷേക് ജെ നായർ കൂടി പുറത്തായത് കൊല്ലം സെയിലേഴ്സിനെ സമ്മർദ്ദത്തിലാക്കി. എന്നാൽ 14 പന്തുകളിൽ ഒരു ഫോറും അഞ്ച് സിക്സുമടക്കം 39 റൺസെടുത്ത വിഷ്ണു വിനോദിൻ്റെ ഇന്നിങ്സ് മൽസരം കൊല്ലത്തിന് അനുകൂലമാക്കി. രാഹുൽ ശർമ്മ 27 റൺസെടുത്തു. ഷറഫുദ്ദീൻ 13 റൺസുമായി പുറത്താകാതെ നിന്നു. ആലപ്പിയ്ക്ക് വേണ്ടി ആദി അഭിലാഷ് നാല് വിക്കറ്റ് വീഴ്ത്തി.

വനിതാ ക്രിക്കറ്റ് ലീഗുമായി കെ.സി.എ; പ്രഖ്യാപനവും പ്രദർശന മത്സരവും ശനിയാഴ്ച കാര്യവട്ടം സ്പോർട്സ് ഹബിൽ

​തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൻ്റെ വിജയകരമായ രണ്ട് സീസണുകൾക്ക് പിന്നാലെ, കേരള ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാനത്തെ വനിതാ ക്രിക്കറ്റ് രംഗത്തും സുപ്രധാന ചുവടുവെപ്പിന് ഒരുങ്ങുന്നു. വനിതാ ക്രിക്കറ്റർമാർക്ക് ഒരു പ്രൊഫഷണൽ വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ലീഗിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും പ്രദർശന മത്സരവും ശനിയാഴ്ച വൈകുന്നേരം 4.30 ന് കാര്യവട്ടം ഗ്രീൻഫീൽഡ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും.
​സംസ്ഥാനത്തെ വനിതാ ക്രിക്കറ്റ് പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുകയും കൂടുതൽ പെൺകുട്ടികളെ ക്രിക്കറ്റ് മേഖലയിലേക്ക് ആകർഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കെ.സി.എ ഈ പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. അടുത്ത സീസൺ മുതൽ ലീഗ് ഔദ്യോഗികമായി ആരംഭിക്കുന്നതിൻ്റെ മുന്നോടിയായാണ് പ്രദർശന മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പ്രഖ്യാപന ചടങ്ങിന് ശേഷം രാത്രി ഏഴിന് ആരംഭിക്കുന്ന മത്സരത്തിൽ ‘കെ.സി.എ ഏഞ്ചൽസും’ ‘കെ.സി.എ ക്വീൻസും’ ഏറ്റുമുട്ടും. കെ.സി.എ ഏഞ്ചൽസിനെ ഷാനി ടി.യും, കെ.സി.എ ക്വീൻസിനെ സജന എസുമാണ് നയിക്കുക.

​“കേരളത്തിലെ വനിതാ ക്രിക്കറ്റിന്റെ ഒരു സ്വപ്ന സാക്ഷാത്കാരമാണിത്. നമ്മുടെ കഴിവുറ്റ താരങ്ങൾക്ക് അവരുടെ മികവ് പ്രകടിപ്പിക്കാനും ദേശീയ, അന്തർദേശീയ തലങ്ങളിലേക്ക് ഉയരാനും വനിതാ ക്രിക്കറ്റ് ലീഗ് വലിയൊരവസരം നൽകും. അവർക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകാൻ കെ.സി.എ പ്രതിജ്ഞാബദ്ധമാണ്” – കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു.

” സംസ്ഥാനത്ത് വനിതകൾക്കായി ശക്തമായ ഒരു ക്രിക്കറ്റ് സാധ്യതകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കെ.സി.എൽ മാതൃകയിൽ, ടീമുകളിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നതിനായി ഒരു ‘പ്ലെയർ ഓക്ഷൻ’ നടത്തും. ഇത് ടീമുകളുടെ സന്തുലിതമായ തിരഞ്ഞെടുപ്പും മത്സരവീര്യവും ഉറപ്പാക്കും”- കെ.സി.എ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു.

​സ്ക്വാഡ്‌:
​കെ.സി.എ ഏഞ്ചൽസ്: ഷാനി ടി (ക്യാപ്റ്റൻ), അക്ഷയ എ, അനന്യ കെ പ്രദീപ് (വിക്കറ്റ് കീപ്പർ), വിസ്മയ ഇ ബി (വിക്കറ്റ് കീപ്പർ), ദിവ്യ ഗണേഷ്, സൗരഭ്യ പി, അഖില പി, അശ്വര്യ എ കെ, ദർശന മോഹൻ, ഇഷിത ഷാനി, ശീതൾ വി ജിനിഷ്, സൂര്യ സുകുമാർ, അജന്യ ടി പി, അലീന ഷിബു, ജോഷിത വി ജെ.

​കെ.സി.എ ക്വീൻസ്: സജന എസ് (ക്യാപ്റ്റൻ), അൻസു സുനിൽ, വൈഷ്ണ എം പി (വിക്കറ്റ് കീപ്പർ), ജയലക്ഷ്മി ദേവ് എസ് ജെ (വിക്കറ്റ് കീപ്പർ), സായൂജ്യ കെ.എസ്, നജ്ല സി എം സി, അലീന സുരേന്ദ്രൻ, വിനയ സുരേന്ദ്രൻ, കീർത്തി കെ ജെയിംസ്, നിയ നസ്നീൻ കെ, ഇസബെൽ മേരി ജോസഫ്, നിത്യ ലൂർദ്, അനുശ്രീ അനിൽകുമാർ, നിയതി ആർ മഹേഷ്, ആശാ ശോഭന.

കൊച്ചിയോട് ആറ് വിക്കറ്റിൻ്റെ തോൽവി, ആലപ്പിയുമായുള്ള അവസാന മല്സരം കൊല്ലത്തിന് നിർണ്ണായകം

തിരുവനന്തപുരം: ലീഗ് റൌണ്ടിലെ അവസാന മല്സരത്തിലും ഉജ്ജ്വല വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്. കൊല്ലം സെയിലേഴ്സിനെ ആറ് വിക്കറ്റിനാണ് കൊച്ചി തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം ആറ് വിക്കറ്റ് നഷ്ടത്തിലാണ് 130 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി 18ആം ഓവറിൽ ലക്ഷ്യത്തിലെത്തി. അർദ്ധ സെഞ്ച്വറി നേടിയ കെ അജീഷാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സിന് മികച്ചൊരു സ്കോർ ഉയർത്താനായില്ല. സെമിയുറപ്പിക്കാൻ അനിവാര്യ വിജയം തേടിയിറങ്ങിയ കൊല്ലത്തിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ വിഷ്ണു വിനോദ് മടങ്ങി. തുടർന്നെത്തിയ സച്ചിൻ ബേബിയും അഭിഷേക് ജെ നായരും കരുതലോടെയാണ് ബാറ്റ് വീശിയത്. എന്നാൽ ജെറിൻ പി എസിനെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടയിൽ ആറ് റണ്ണെടുത്ത സച്ചിൻ ബേബിയും പുറത്തായി. അഭിഷേക് ജെ നായരെ പി കെ മിഥുനും എൽബിഡബ്ല്യുവിൽ കുടുക്കിയതോടെ മൂന്ന് വിക്കറ്റിന് 28 റൺസെന്ന നിലയിലായിരുന്നു സെയിലേഴ്സ്.

നാലാം വിക്കറ്റിൽ വത്സൽ ഗോവിന്ദും എം എസ് അഖിലും ചേർന്ന് നേടിയ 50 റൺസാണ് കൊല്ലത്തെ വലിയൊരു തകർച്ചയിൽ നിന്ന് കരകയറ്റിയത്. 32 റൺസെടുത്ത എം എസ് അഖിലിനെ ജെറിനാണ് പുറത്താക്കിയത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഷറഫുദ്ദീനാണ് സെയിലേഴ്സിൻ്റെ സ്കോർ 130ൽ എത്തിച്ചത്. ഷറഫുദ്ദീൻ 20 പന്തുകളിൽ നിന്ന് നാല് സിക്സടക്കം 36 റൺസുമായി പുറത്താകാതെ നിന്നു.അഖിലിനും ഷറഫുദ്ദീനുമൊപ്പം മികച്ച കൂട്ടുകെട്ടുകളുണ്ടാക്കിയ വത്സൽ ഗോവിന്ദ് 37 റൺസെടുത്തു. കൊച്ചിയ്ക്ക് വേണ്ടി പി എസ് ജെറിനും ജോബിൻ ജോബിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയ്ക്ക് വിനൂപ് മനോഹരൻ മികച്ച തുടക്കമാണ് നല്കിയത്. കൂറ്റൻ ഷോട്ടുകളിലൂടെ അതിവേഗം റൺസുയർത്തിയ വിനൂപ് 36 റൺസുമായി മടങ്ങി. റണ്ണൊഴുക്ക് കുറഞ്ഞതോടെ മികച്ച ബൌളിങ്ങുമായി പിടിമുറുക്കാൻ കൊല്ലത്തിൻ്റെ താരങ്ങൾ ശ്രമിച്ചെങ്കിലും കെ അജീഷിൻ്റെ ഉജ്ജ്വല ഇന്നിങ്സ് കൊച്ചിയ്ക്ക് തുണയായി. 17 പന്തുകൾ ബാക്കി നില്ക്കെ കൊച്ചി അനായാസം ലക്ഷ്യത്തിലെത്തി. അജീഷ് 39 പന്തുകളിൽ നിന്ന് മൂന്ന് ഫോറും അഞ്ച് സിക്സുമടക്കം 58 റൺസെടുത്തു.

കൊച്ചിയോട് തോൽവി വഴങ്ങിയതോടെ ആലപ്പിയുമായുള്ള തങ്ങളുടെ അവസാന മല്സരം കൊല്ലത്തെ സംബന്ധിച്ച് നിർണ്ണായകമായി. ഒൻപത് മല്സരങ്ങൾ കളിച്ച കൊല്ലത്തിന് എട്ട് പോയിൻ്റും ആലപ്പിയ്ക്ക് ആറ് പോയിൻ്റുമാണുള്ളത്. അവസാന മല്സരത്തിൽ ആലപ്പിയെ തോല്പിച്ചാൽ കൊല്ലത്തിന് സെമിയിലേക്ക് മുന്നേറാം. തോറ്റാൽ ഇരു ടീമുകൾക്കും എട്ട് പോയിൻ്റ് വീതമാകും. അങ്ങനെ വന്നാൽ റൺറേറ്റായിരിക്കും സെമിയിലേക്കുള്ള ടീമിനെ നിശ്ചയിക്കുക. നിലവിൽ ആലപ്പിയെക്കാൾ മികച്ച റൺറേറ്റുള്ളത് കൊല്ലത്തിനാണ്. 16 പോയിൻ്റുള്ള കൊച്ചിയും പത്ത് പോയിൻ്റ് വീതമുള്ള തൃശൂരും കോഴിക്കോടും നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസുമായാണ് വ്യാഴാഴ്ചത്തെ മറ്റൊരു മല്സരം

ട്രിവാൻഡ്രം റോയൽസിനായി അർദ്ധ സെഞ്ച്വറി നേടി ചെങ്ങന്നൂരിൻ്റെ വിഷ്ണു രാജ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) ആലപ്പുഴ റിപ്പിൾസിനെതിരെ മികച്ച ബാറ്റിംഗ് പുറത്തെടുത്ത് ട്രിവാൻഡ്രം റോയൽസിന്റെ യുവതാരം വിഷ്ണു രാജ്. 46 പന്തിൽ നിന്ന് 2സിക്സറുകളും 5 ഫോറുകളും അടക്കം 60 റൺസാണ് വിഷ്ണു രാജ് അടിച്ചെടുത്തത്.ക്യാപ്റ്റൻ കൃഷ്ണപ്രസാദിനൊപ്പംചേർന്ന് ആദ്യ വിക്കറ്റിൽ അടിച്ചെടുത്ത 154 റൺസ് പുത്തൻ റെക്കോർഡിലേക്കും വഴിമാറി.

ചെങ്ങന്നൂർ തിട്ടമേൽ സീത സദനത്തിൽ പി.എൻ. വരദരാജന്റെയും വിജയയുടെയും മകനാണ് വിഷ്ണു രാജ്.മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ക്രിക്കറ്റിൽ ശ്രദ്ധ ചെലുത്തിയ വിഷ്ണുവിന്, കളിയുടെ ബാലപാഠങ്ങൾ പകർന്ന് നൽകിയത് ന്യൂ കിഡ്സ് ക്രിക്കറ്റ് അക്കാദമിയിലെ പരിശീലകൻ സന്തോഷാണ്. 12-ാം വയസ്സിൽ കേരള അണ്ടർ-14 ടീമിൽ ഇടം നേടിയ വിഷ്ണു, മിന്നും പ്രകടനങ്ങൾ തുടർന്നതോടെ അണ്ടർ-16, അണ്ടർ-19, അണ്ടർ-23 വിഭാഗങ്ങളിൽ കേരള ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ സീസണിൽ തമിഴ്നാടിനെതിരെ നേടിയ സെഞ്ച്വറി വഴിത്തിരിവായി.സ്വപ്ന സാക്ഷാൽക്കാരമെന്നോണം മികച്ച പ്രകടനത്തിലൂടെ കേരള രഞ്ജി ടീമിലേക്ക് വിഷ്ണുവിന് വിളി എത്തി. എൻ.എസ്.കെ. ട്രോഫിയിലും പ്രസിഡന്റ്സ് കപ്പിലും പുറത്തെടുത്ത മിന്നും പ്രകടനങ്ങൾ വിഷ്ണുവിലെ പ്രതിഭയെ അടയാളപ്പെടുത്തുന്നതായിരുന്നു.

ട്രിവാൺഡ്രം റോയൽസിന് രാജകീയ മടക്കം; ആലപ്പിയെ തകർത്തത് 110 റൺസിന്

തിരുവനന്തപുരം: സീസണിലെ തങ്ങളുടെ അവസാന മല്സരത്തിൽ ആലപ്പി റിപ്പിൾസിനെതിരെ ഉജ്ജ്വല വിജയവുമായി ട്രിവാൺഡ്രം റോയൽസ്. 110 റൺസിനാണ് ട്രിവാൺഡ്രം റോയൽസ് ആലപ്പി റിപ്പിൾസിനെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പി 17 ഓവറിൽ 98 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. തോൽവിയോടെ ആലപ്പി റിപ്പിൾസിൻ്റെ സെമി സാധ്യതകൾ മങ്ങി. ട്രിവാൺഡ്രം റോയൽസിൻ്റെ സെമി സാധ്യതകൾ നേരത്തെ തന്നെ അവസാനിച്ചിരുന്നു. റോയൽസിന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയ അഭിജിത് പ്രവീൺ ആണ് പ്ലെയർ ഓഫ് ദി മാച്ച്.

അവസാന മല്സരത്തിൽ ഓപ്പണർമാർ മികച്ച തുടക്കമാണ് റോയൽസിന് നല്കിയത്. കൃഷ്ണപ്രസാദും വിഷ്ണുരാജും ചേർന്ന് 154 റൺസാണ് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. പതിഞ്ഞ താളത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീട് ഇരുവരും ചേർന്ന് ആഞ്ഞടിക്കുകയായിരുന്നു. 36 പന്തുകളിൽ നിന്നായിരുന്നു കൃഷ്ണപ്രസാദ് അർദ്ധസെഞ്ച്വറി തികച്ചത്. എന്നാൽ അൻപതിൽ നിന്ന് തൊണ്ണൂറിലേക്കെത്താൻ വേണ്ടി വന്നത് 16 പന്തുകളും. തുടരെ രണ്ടാം സെഞ്ച്വറിയിലേക്കെന്ന് തോന്നിച്ച കൃഷ്ണപ്രസാദ് 52 പന്തിൽ 90 റൺസെടുത്താണ് പുറത്തായത്. തൊട്ടടുത്ത ഓവറിൽ 60 റൺസെടുത്ത വിഷ്ണുരാജും മടങ്ങി. അവസാന ഓവറിൽ ആഞ്ഞടിച്ച എം നിഖിലും സഞ്ജീവ് സതീശനുമാണ് റോയൽസിൻ്റെ സ്കോർ 200 കടത്തിയത്. സഞ്ജീവ് സതീശൻ 12 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 31 റൺസാണ് നേടിയത്. നിഖിൽ ഏഴ് പന്തുകളിൽ നിന്ന് 18 റൺസുമായി പുറത്താകാതെ നിന്നു. ആലപ്പിയ്ക്ക് വേണ്ടി ശ്രീരൂപ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

മുഹമ്മദ് അസറുദ്ദീൻ്റെ അഭാവത്തിൽ എ കെ ആകർഷായിരുന്നു ജലജ് സക്സേനയ്ക്കൊപ്പം ആലപ്പിയ്ക്കായി ഇന്നിങ്സ് തുറന്നത്. എന്നാൽ തുടക്കത്തിൽ തന്നെ ജലജ് സക്സേന റണ്ണൌട്ടായത് ടീമിന് തിരിച്ചടിയായി. ആകർഷും കെ എ അരുണും ചേർന്നുള്ള കൂട്ടുകെട്ട് ആലപ്പിയ്ക്ക് പ്രതീക്ഷ നല്കിയെങ്കിലും അത് ഏറെ നീണ്ടില്ല. ഒൻപതാം ഓവറിൽ അരുണിനെയും അഭിഷേക് പി നായരെയും മടക്കി അഭിജിത് പ്രവീൺ ആലപ്പിയുടെ മുന്നേറ്റത്തിന് തടയിട്ടു. ഒരു റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ അക്ഷയ് ടി കെ റണ്ണൌട്ടായി. ഒരു റണ്ണെടുത്ത മുഹമ്മദ് കൈഫിനെയും അഭിജിത് പ്രവീൺ പുറത്താക്കിയതോടെ ആലപ്പിയുടെ തകർച്ച പൂർണ്ണമായി. 43 പന്തുകളിൽ നിന്ന് 55 റൺസെടുത്ത എ കെ ആകർഷാണ് ആലപ്പിയുടെ ടോപ് സ്കോറർ. നാലോവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ അഭിജിത് പ്രവീണാണ് റോയൽസിൻ്റെ ബൌളിങ് നിരയിൽ തിളങ്ങിയത്.

സെഞ്ച്വറി മികവിൽ റൺവേട്ടക്കാരിൽ രണ്ടാമനായി കൃഷ്ണപ്രസാദ്; മറികടന്നത് സഞ്ജുവിനെ

കേരള ക്രിക്കറ്റ് ലീ​ഗ് രണ്ടാം സീസണിൽ ട്രിവാൻഡ്രം റോയൽസിന്റ പ്രതീക്ഷകൾ അസ്തമിച്ചെങ്കിലും സെഞ്ച്വറി പ്രകടനവുമായി ആരാധകർക്ക് ആശ്വാസമേകി ടീം നായകൻ കൃഷ്ണപ്രസാദ്. തൃശൂർ ടൈറ്റൻസിനെതിരായ മത്സരത്തിലായിരുന്നു ക്യാപ്റ്റന്റെ റോളിൽ കെ.പിയുടെ അപരാജിത ഇന്നിങ്സ് . 62 പന്തിൽ നിന്ന് പുറത്താകാതെ 119 റൺസാണ് കൃഷ്ണപ്രസാദ് അടിച്ചുകൂട്ടിയത്. 10 പടുകൂറ്റൻ സിക്സറുകളും 6 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു ട്രിവാൻഡ്രം നായകന്റെ വെടിക്കെട്ട് ഇന്നിംഗ്സ്.ഇതോടെ ടൂർണമെന്റിലെ റൺ വേട്ടക്കാരിൽ കെ.പി 389 റൺസുമായി രണ്ടാമതെത്തി. 9 മത്സരങ്ങളിൽ നിന്നും ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറികളും അടക്കം 389 റൺസാണ് കെ.പിയുടെ പേരിൽ ഉള്ളത്. കൊച്ചി ബ്ലൂടൈഗേഴ്സിന്റെ സഞ്ജു സാംസണിനെയാണ് കൃഷ്ണപ്രസാദ് മറികടന്നത്. 368 റൺസാണ് സഞ്ജുവിന് ഉള്ളത്.ടൂർണമെന്റിൽ 423 റൺസ് നേടിയ അഹമ്മദ് ഇമ്രാനാണ് റൺവേട്ടക്കാരിൽ ഒന്നാമൻ.

ട്രിവാൻഡ്രം റോയൽസ് ടീമിന്റെ ഓപ്പണറായെത്തിയ കെ.പി, തുടക്കത്തിൽ ടീം തകർച്ച നേരിട്ടപ്പോൾ ഒറ്റയാൾ പോരാളിയായി ക്രീസിൽ നിലയുറപ്പിച്ചു. ടീം സ്കോർ 22 റൺസിൽ നിൽക്കെ 14 റൺസെടുത്ത വിഷ്ണു രാജിന്റെ വിക്കറ്റ് റോയൽസിന് നഷ്ടമായി. തൊട്ടുപിന്നാലെ അനന്തകൃഷ്ണനും പുറത്തായത് റോയൽസിനെ സമ്മർദ്ദത്തിലാക്കി. തുടർന്നെത്തിയ റിയ ബഷീറും, എം നിഖിലുമായി ചേർന്ന് കൃഷ്ണപ്രസാദ് ഉയർത്തിയ വിലപ്പെട്ട കൂട്ടുകെട്ടുകളാണ് റോയൽസിൻ്റെ കൂറ്റൻ സ്കോറിന് അടിത്തറ പാകിയത്.. രണ്ട് കൂട്ടുകെട്ടുകളിലുമായി ആകെ നേടിയ 109 റൺസിൻ്റെ മുക്കാൽ പങ്കും പിറന്നത് കൃഷ്ണപ്രസാദിൻ്റെ ബാറ്റിൽ നിന്നായിരുന്നു. ഒടുവിൽ അബ്ദുൾ ബാസിത്തിനെ കൂട്ടുപിടിച്ച് കെ.പി നടത്തിയ വീരോചിത പ്രകടനം ടീമിന് കൂടുതൽ കരുത്തായി. ഇരുവരും ചേർന്ന് 25 പന്തിൽ നിന്ന് 57 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി റോയൽസിനെ മികച്ച സ്കോറിലേക്ക് കൈപിടിച്ചുയർത്തി.

പ്രസിഡന്റ്‌സ് കപ്പിലാണ് മധ്യനിരബാറ്ററിൽ നിന്നും ഓപ്പണറുടെ റോളിലേക്ക് ക്യാപ്റ്റൻ കെ.പി എത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാറുള്ള ടീമംഗങ്ങളുടെ സ്വന്തം കെ.പി , വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് സെഞ്ചറി നേടിയിട്ടുണ്ട്. കെ.സി.എൽ പ്രഥമ സീസണിൽ ആലപ്പി റിപ്പിൾസിനായി 192 റൺസെടുത്ത് മികച്ച പ്രകടനം കാഴ്ചവെക്കാനും കൃഷ്ണപ്രസാദിന് സാധിച്ചു.

ട്രിവാൺഡ്രം റോയൽസിനോട് 17 റൺസിൻ്റെ തോൽവി, ഇനിയും സെമിയുറപ്പിക്കാനാകാതെ തൃശൂർ ടൈറ്റൻസ്

കെസിഎല്ലിൽ തൃശൂർ ടൈറ്റൻസിനെ 17 റൺസിന് തോല്പിച്ച് ട്രിവാൺഡ്രം റോയൽസ്.
ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് മാത്രമാണ് നേടാനായത്. റോയൽസിനായി ഉജ്ജ്വല സെഞ്ച്വറി നേടിയ ക്യാപ്റ്റൻ കൃഷ്ണപ്രസാദാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നേടിയ ടൈറ്റൻസ്, റോയൽസിനെ ബാറ്റ് ചെയ്യാനയക്കുകയായിരുന്നു. സെമി സാധ്യതകൾ അവസാനിച്ചതിനാൽ ഒന്നും നഷ്ടപ്പടാനില്ലാത്ത ആത്മവിശ്വാസത്തോടെ റോയൽസിൻ്റെ താരങ്ങൾ ബാറ്റ് വീശി. വിഷ്ണുരാജും അനന്തകൃഷ്ണനും തുടക്കത്തിൽ തന്നെ മടങ്ങിയെങ്കിലും റിയ ബഷീറിനും നിഖിലിനുമൊപ്പം കൃഷ്ണപ്രസാദ് ഉയർത്തിയ കൂട്ടുകെട്ടുകളാണ് റോയൽസിൻ്റെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. രണ്ട് കൂട്ടുകെട്ടുകളിലുമായി പിറന്ന 109 റൺസിൻ്റെ മുക്കാൽ പങ്കും പിറന്നത് കൃഷ്ണപ്രസാദിൻ്റെ ബാറ്റിൽ നിന്നായിരുന്നു. നിർഭയം ബാറ്റ് വീശിയ കൃഷ്ണപ്രസാദ് 54 പന്തുകളിൽ നിന്ന് സെഞ്ച്വറി പൂർത്തിയാക്കി. റിയ ബഷീർ 17ഉം നിഖിൽ 12ഉം റൺസ് നേടി മടങ്ങി.

സെഞ്ച്വറി പൂർത്തിയാക്കിയ ശേഷവും കൂറ്റൻ ഷോട്ടുകളിലൂടെ ബാറ്റിങ് തുടർന്ന കൃഷ്ണപ്രസാദ് 119 റൺസുമായി പുറത്താകാതെ നിന്നു. 62 പന്തുകളിൽ ആറ് ഫോറും പത്ത് സിക്സും അടങ്ങുന്നതായിരുന്നു കൃഷ്ണപ്രസാദിൻ്റെ ഇന്നിങ്സ്. അബ്ദുൾ ബാസിദ് 13 പന്തുകളിൽ 28 റൺസെടുത്തു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 57 റൺസാണ് കൂട്ടിച്ചേർത്തത്. തൃശൂരിന് വേണ്ടി ആദിത്യ വിനോദ് രണ്ടും ആനന്ദ് ജോസഫ്, സിബിൻ ഗിരീഷ്, അജിനാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് സ്കോർ ബോർഡ് തുറക്കും മുൻപെ കെ ആർ രോഹിതിൻ്റെ വിക്കറ്റ് നഷ്ടമായി. ഫോമിലുള്ള അഹ്മദ് ഇമ്രാൻ തകർത്തടിച്ച് തുടങ്ങിയെങ്കിലും വലിയൊരു ഇന്നിങ്സ് കാഴ്ച വയ്ക്കാനായില്ല. 18 പന്തുകളിൽ നിന്ന് 38 റൺസെടുത്ത അഹ്മദ് ഇമ്രാനെ അബ്ദുൾ ബാസിദാണ് പുറത്താക്കിയത്. മികച്ച ഷോട്ടുകളുമായി ക്യാപ്റ്റൻ ഷോൺ റോജറും അക്ഷയ് മനോഹറും പ്രതീക്ഷ നിലനിർത്തി. എന്നാൽ ഷോൺ റോജർ 37ഉം അക്ഷയ് മനോഹർ 27ഉം റൺസെടുത്ത് പുറത്തായത് തൃശൂരിന് തിരിച്ചടിയായി.

കളി കൈവിട്ടെന്ന് തോന്നിച്ച ഘട്ടത്തിൽ ഉജ്ജ്വല ഷോട്ടുകളുമായി പോരാട്ടം തുടർന്ന വിനോദ് കുമാറിൻ്റെ പ്രകടനവും ശ്രദ്ധേയമായി. 19 പന്തുകളിൽ രണ്ട് ഫോറും അഞ്ച് സിക്സുമടക്കം 41 റൺസുമായി വിനോദ് കുമാർ പുറത്താകാതെ നിന്നെങ്കിലും ടീമിന് വിജയമൊരുക്കാനായില്ല. തൃശൂരിൻ്റെ മറുപടി 184ൽ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആസിഫ് സലാമാണ് റോയൽസ് ബൌളിങ് നിരയിൽ തിളങ്ങിയത്. അഭിജിത് പ്രവീൺ രണ്ട് വിക്കറ്റും നേടി. തോൽവിയോടെ തൃശൂരിന് ഇനിയും സെമിയുറപ്പിക്കാനായില്ല. പത്ത് പോയിൻ്റുമായി ടീം ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. എങ്കിലും വരും മല്സരങ്ങളിലെ ഫലം അനുസരിച്ചാകും ടീമിൻ്റെ സെമി പ്രവേശനം.

കൃഷ്ണപ്രസാദിൻ്റെ സെഞ്ച്വറി മികവിൽ തൃശൂരിനെതിരെ 202 റൺസ് വിജയലക്ഷ്യമുയർത്തി ട്രിവാൺഡ്രം റോയൽസ്

കെസിഎല്ലിൽ ട്രിവാൺഡ്രം റോയൽസിനെതിരെ തൃശൂർ ടൈറ്റൻസിന് 202 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 201 റൺസ് നേടിയത്. ഉജ്ജ്വല സെഞ്ച്വറി നേടിയ ക്യാപ്റ്റൻ കൃഷ്ണപ്രസാദാണ് റോയൽസിനെ കൂറ്റൻ സ്കോറിലെത്തിച്ചത്.

ക്യാപ്റ്റൻ കൃഷ്ണപ്രസാദിനൊപ്പം വിഷ്ണുരാജായിരുന്നു ട്രിവാൺഡ്രം റോയൽസിനായി ഇന്നിങ്സ് തുറന്നത്. സെമി സാധ്യതകൾ അവസാനിച്ചതിനാൽ ഒന്നും നഷ്ടപ്പടാനില്ലാത്ത ആത്മവിശ്വാസത്തോടെ റോയൽസിൻ്റെ താരങ്ങൾ ബാറ്റ് വീശി. എന്നാൽ വിഷ്ണുരാജിനും തുടർന്നെത്തിയ അനന്തകൃഷ്ണനും പിടിച്ചു നില്ക്കാനായില്ല. വിഷ്ണുരാജ് 14ഉം അനന്തകൃഷ്ണൻ ഒരു റണ്ണും എടുത്ത് മടങ്ങി. തുടർന്നെത്തിയ റിയ ബഷീറും എം നിഖിലുമായി ചേർന്ന് കൃഷ്ണപ്രസാദ് ഉയർത്തിയ കൂട്ടുകെട്ടുകളാണ് റോയൽസിൻ്റെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. രണ്ട് കൂട്ടുകെട്ടുകളിലുമായി പിറന്ന 109 റൺസിൻ്റെ മുക്കാൽ പങ്കും പിറന്നത് കൃഷ്ണപ്രസാദിൻ്റെ ബാറ്റിൽ നിന്നായിരുന്നു. നിർഭയം ബാറ്റ് വീശിയ കൃഷ്ണപ്രസാദ് 54 പന്തുകളിൽ നിന്ന് സെഞ്ച്വറി പൂർത്തിയാക്കി. റിയ ബഷീർ 17ഉം നിഖിൽ 12ഉം റൺസ് നേടി മടങ്ങി.

സെഞ്ച്വറി പൂർത്തിയാക്കിയ ശേഷവും കൂറ്റൻ ഷോട്ടുകളിലൂടെ ബാറ്റിങ് തുടർന്ന കൃഷ്ണപ്രസാദ് 119 റൺസുമായി പുറത്താകാതെ നിന്നു. 62 പന്തുകളിൽ ആറ് ഫോറും പത്ത് സിക്സും അടങ്ങുന്നതായിരുന്നു കൃഷ്ണപ്രസാദിൻ്റെ ഇന്നിങ്സ്. അബ്ദുൾ ബാസിദ് 13 പന്തുകളിൽ 28 റൺസെടുത്തു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 57 റൺസാണ് കൂട്ടിച്ചേർത്തത്. തൃശൂരിന് വേണ്ടി ആദിത്യ വിനോദ് രണ്ടും ആനന്ദ് ജോസഫ്, സിബിൻ ഗിരീഷ്, അജിനാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെതിരെ മൂന്ന് വിക്കറ്റ് വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം: കെസിഎല്ലിൽ വിജയം തുടർന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ്. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ മൂന്ന് വിക്കറ്റിനാണ് കൊച്ചി തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി അവസാന ഓവറിൽ ലക്ഷ്യത്തിലെത്തി. 45 റൺസുമായി കൊച്ചിയുടെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ച ജിഷ്ണുവാണ് പ്ലെയർ ഓഫ് ദി മാച്ച്.

ചില മാറ്റങ്ങളോടെയാണ് ഇരു ടീമുകളും കളിക്കാനിറങ്ങിയത്. കാലിക്കറ്റിന് വേണ്ടി അമീർ ഷായും അഭിറാമും കൊച്ചിയ്ക്കായി ജിഷ്ണുവും അനൂപും അവസാന ഇലവനിൽ സ്ഥാനം പിടിച്ചു. രോഹൻ കുന്നുമ്മലിനൊപ്പം ഇന്നിങ്സ് തുറന്ന അമീർഷാ ടീമിന് മികച്ച തുടക്കം സമ്മാനിക്കുകയും ചെയ്തു.മറുവശത്ത് രോഹനും തകർത്തടിച്ചു. മൂന്നാം ഓവറിൽ തുടരെ മൂന്ന് ഫോറുകൾ നേടിയ രോഹൻ അടുത്ത ഓവറിൽ നാല് പന്തുകൾ അതിർത്തി കടത്തി. നാലാം ഓവറിൽ തന്നെ കാലിക്കറ്റ് സ്കോർ 50 പിന്നിട്ടു.

എന്നാൽ സ്കോർ 64ൽ നില്ക്കെ മൂന്ന് വിക്കറ്റുകൾ വീണത് കാലിക്കറ്റിന് തിരിച്ചടിയായി. അമീർഷാ 28ഉം രോഹൻ36ഉം റൺസ് നേടി മടങ്ങി.തുടർന്നെത്തിയ അഖിൽ സ്കറിയ ആദ്യ പന്തിൽ തന്നെ പുറത്തായി. വെറും 13 പന്തുകളിൽ നിന്നായിരുന്നു രോഹൻ 36 റൺസ് നേടിയത്. അഞ്ചാം വിക്കറ്റിൽ അജ്നാസും അൻഫലും ചേർന്ന് നേടിയ 50 റൺസാണ് കാലിക്കറ്റിന് ഭേദപ്പെട്ട സ്കോർ നല്കിയത്. അജ്നാസ് 22ഉം അൻഫൽ 38ഉം റൺസ് നേടി. സച്ചിൻ സുരേഷ് 10 പന്തുകളിൽ നിന്ന് 18 റൺസെടുത്തു. കൊച്ചിയ്ക്ക് വേണ്ടി പി എസ് ജെറിനും പി കെ മിഥുനും ജോബിൻ ജോബിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സഞ്ജുവിൻ്റെ അഭാവത്തിൽ വിനൂപ് മനോഹരനൊപ്പം കൊച്ചിയുടെ ഇന്നിങ്സ് തുറന്നത് ജിഷ്ണുവാണ്. 14 പന്തുകളിൽ 30 റൺസുമായി വിനൂപ് മനോഹരൻ മടങ്ങി.എന്നാൽ മറുവശത്ത് ബാറ്റിങ് തുടർന്ന ജിഷ്ണു മികച്ച ഇന്നിങ്സ് കാഴ്ചവച്ചു. 29 പന്തുകളിൽ 45 റൺസ് നേടിയാണ് ജിഷ്ണു മടങ്ങിയത്. മികച്ച റൺറേറ്റോടെ മുന്നേറിയ കൊച്ചി അനായാസ വിജയത്തിലേക്കെന്ന് തോന്നിച്ചെങ്കിലും തുടരെ വിക്കറ്റുകൾ വീഴ്ത്തി കാലിക്കറ്റ് മല്സരത്തിലേക്ക് തിരിച്ചെത്തി.

18ആം ഓവറിൽ പി കെ മിഥുനെയും ആൽഫി ഫ്രാൻസിസ് ജോണിനെയും അഖിൽ സ്കറിയ പുറത്താക്കിയതോടെ ആവേശം അവസാന ഓവറുകളിലക്ക് നീണ്ടു. എന്നാൽ മനസ്സാനിധ്യത്തോടെ ബാറ്റ് വീശിയ ക്യാപ്റ്റൻ സാലി സാംസനും ജോബിൻ ജോബിയും ചേർന്ന് മൂന്ന് പന്തുകൾ ബാക്കി നില്ക്കെ കൊച്ചിയെ ലക്ഷ്യത്തിലെത്തിച്ചു. സാലി സാംസൻ 22 റൺസും ജോബിൻ ജോബി 12 റൺസും നേടി പുറത്താകാതെ നിന്നു. കാലിക്കറ്റിന് വേണ്ടി അഖിൽ സ്കറിയ മൂന്നും എസ് മിഥുൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

സഞ്ജു സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാമ്പ് വിട്ടു, ഇനി ഏഷ്യാ കപ്പിൽ


കൊച്ചി: ഏഷ്യ കപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിനൊപ്പം ചേരാൻ കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റൻ സഞ്ജു സാംസൺ ടീം വിട്ടു. ഇതോടെ കേരള ക്രിക്കറ്റ് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളിൽ സഞ്ജു കളിക്കില്ല.


റെക്കോർഡ് തുക മുടക്കിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം സഞ്ജുവിനെ ടീമിലെത്തിച്ചത്. ടീമിൻ്റെ ഈ വിശ്വാസം കാത്ത സഞ്ജു തകർപ്പൻ പ്രകടനമാണ് ലീഗിൽ നടത്തിയത്. ടീമിന്റെ ടോപ് സ്കോററായ സഞ്ജു മൂന്ന് തവണ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും നേടിയിരുന്നു. സഞ്ജുവിന്റെ ബാറ്റിംഗ് മികവിലാണ് ടീം ആദ്യമായി പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്.


കേരള ക്രിക്കറ്റ് ലീഗിൽ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് 88.75 ശരാശരിയിൽ 355 റൺസാണ് സഞ്ജു നേടിയത്. 200-ൽ അധികം സ്ട്രൈക്ക് റേറ്റിൽ ഒരു സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറിയും 30 സിക്സറുകളും 26 ഫോറുകളും താരം അടിച്ചുകൂട്ടി. ടി20 ക്രിക്കറ്റിൽ തകർപ്പൻ ഫോമിലുള്ള സഞ്ജുവിന്റെ ഈ പ്രകടനം ഏഷ്യ കപ്പിൽ ഇന്ത്യൻ ടീമിന് വലിയ പ്രതീക്ഷ നൽകുന്നു.

ചാമ്പ്യന്മാർക്കെതിരെ സിക്സർ മഴ: കൃഷ്ണ ദേവൻ കാലിക്കറ്റിന്റെ സിക്സർ ദേവൻ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ.) ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന്റെ യുവതാരം കൃഷ്ണ ദേവൻ. നിലവിലെ ചാമ്പ്യന്മാരായ കൊല്ലം ഏരീസിനെതിരെ അവസാന അഞ്ച് പന്തിലും സിക്സർ പറത്തിയാണ് കൃഷ്ണദേവന്റെ തട്ടുപൊളിപ്പൻ പ്രകടനം. വെറും 11 പന്തുകൾ മാത്രം നേരിട്ട കൃഷ്ണ ദേവൻ 7 സിക്സറുകളുടെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 49 റൺസാണ് അതിവേഗം അടിച്ചുകൂട്ടിയത്. 17-ാം ഓവറിലെ 4-ാം പന്തിൽ ടീം സ്കോർ 150 ലെത്തിയ ഉടൻ അൻഫൽ പുറത്തായപ്പോഴാണ് യുവതാരം കൃഷ്ണ ദേവൻ ക്രീസിലെത്തിയത്. എൻ.എസ്. അജയഘോഷ് എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്തിൽ എം.എസ് ധോണിയുടെ വിഖ്യാതമായ ഹെലികോപ്റ്റർ ഷോട്ടിനെ അനുസ്മരിപ്പിക്കുന്ന ബാറ്റിംഗ് ശൈലിയിലൂടെയാണ് കൃഷ്ണ ദേവൻ ആദ്യ സിക്സർ ഗ്യാലറിയിലെത്തിച്ചത്. ഈ ഓവറിൽ ഒരു സിക്സറും ഒരു ഫോറും ഉൾപ്പെടെ കൃഷ്ണ ദേവൻ നേടിയ 18 റൺസ് കാണാനിരിക്കുന്ന പൂരത്തിന്റെ ട്രെയ്ലറായിരുന്നു.

ഷറഫുദ്ദീൻ എറിഞ്ഞ 19-ാം ഓവറിലെ ആദ്യ പന്തിൽ അഖിൽ സ്കറിയ സിംഗിൾ നേടി കൃഷ്ണ ദേവന് സ്ട്രൈക്ക് കൈമാറി. പിന്നെ ഗ്രീൻ ഫീൽഡ് കണ്ടത് കൃഷ്ണ ദേവന്റെ കട്ടക്കലിപ്പായിരുന്നു. ഷറഫുദ്ദീൻ എറിഞ്ഞ അവസാന അഞ്ച് പന്തുകളും കൃഷ്ണ ദേവൻ നിലം തൊടാതെ സിക്സറുകളാക്കി മാറ്റിയ , അത്യപൂർവ്വ കാഴ്ച കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.പൊടുന്നനെ ക്രീസിലെത്തി അങ്കക്കലി പൂണ്ട കൃഷ്ണ ദേവന്റെ മാസ്മരിക ബാറ്റിംഗ് മത്സരത്തിന്റെ ഗതി കോഴിക്കോടിന് അനുകൂലമാക്കി.

സൽമാൻ നിസാറിന്റെ കട്ടക്കലിപ്പ് ഇന്നിങ്‌സിന് ശേഷം ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് കൃഷ്ണ ദേവന്റെ കലി പൂണ്ട ഇന്നിംഗ്സും.

Exit mobile version