കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2, ഓഗസ്റ്റ് 21 മുതല്‍, ഇത്തവണ സഞ്ജു കളിക്കും

Newsroom

Sanju Samson

ഏഷ്യാനെറ്റ്‌ പ്ലസില്‍ തത്സമയ സംപ്രേക്ഷണം

തിരുവനന്തപുരം; കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പ് ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറുവരെയാണ് നടക്കുകയെന്ന് കെസിഎ ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഹോട്ടല്‍ ഹയാത്തില്‍ ചേര്‍ന്ന ഫ്രാഞ്ചൈസി മീറ്റിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. സഞ്ജു സാംണ്‍ ഇക്കുറി കേരള ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്നു എന്നതാണ് സീസണ്‍ രണ്ടാം പതിപ്പിന്‍റെ മുഖ്യ ആകര്‍ഷണം.

Picsart 25 06 25 19 28 54 508

ജൂലയ്‌ 20 ന് വൈകുന്നേരം 5.30 ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ലീഗിന്‍റെ പ്രമോഷന്‍ പരിപാടികളുടെ ഔദ്യോഗികമായ ഉദ്ഘാടനം നടക്കും. ചടങ്ങില്‍ വച്ച് കേരളത്തിന്‍റെ പ്രധാന ജില്ലകളിലൂടെ സഞ്ചരിക്കുന്ന മേളയുടെ വിളംബര വാഹനത്തിന്‍റെ ഫ്ലാഗ് ഓഫ് മന്ത്രി എം.ബി രാജേഷ്‌ നിര്‍വഹിക്കും. തുടര്‍ന്ന് ലഹരി വിരുദ്ധബോധവത്കരണ സന്ദേശയാത്ര യുടെ ഉദ്ഘാടനവും മേളയുടെ ഭാഗ്യചിഹ്ന്നത്തിന്‍റെ പ്രകാശനവും നടക്കും. 7 മണിമുതല്‍ പ്രശസ്ത മ്യൂസിക് ബാന്‍ഡായ ‘അഗം’ അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും.

രണ്ടാം സീസണ്‍ വന്‍ വിജയമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷന്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ഫാന്‍കോഡ് എന്നിവ കൂടാതെ ഇത്തവണ ഏഷ്യാനെറ്റില്‍ പ്ലസിലും കളികളുടെ തത്സമയ സംപ്രേക്ഷ ണമുണ്ടാകും. റെഡ് എഫ്.എം ആണ് ലീഗിന്റെ റേഡിയോ പാര്‍ട്ണര്‍. താര ലേലം ജൂലൈ 5 ന് രാവിലെ പത്തു മണിക്ക് ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ആരംഭിക്കും.