കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും ടൈഗേഴ്സിനും വിജയം

Newsroom

Picsart 25 03 09 20 11 41 421
Download the Fanport app now!
Appstore Badge
Google Play Badge 1

ആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും ടൈഗേഴ്സിനും വിജയം. കരുത്തരായ റോയൽസിനെ 61 റൺസിനാണ് ലയൺസ് തോല്പിച്ചത്. മറ്റൊരു മല്സരത്തിൽ ഈഗിൾസിനെ 87 റൺസിന് തോല്പിച്ച് ടൈഗേഴ്സ് ടൂർണ്ണമെൻ്റിലെ ആദ്യ വിജയം കുറിച്ചു.

1000103716

അർദ്ധ സെഞ്ച്വറികൾ നേടിയ ആകർഷിൻ്റെയും ഗോവിന്ദ് പൈയുടെയും കൃഷ്ണ ദേവൻ്റെയും പ്രകടനമാണ് റോയൽസിനെതിരെ ലയൺസിനെ മികച്ച സ്കോറിലെത്തിച്ചത്. ഓപ്പണർമാർ ചെറിയ സ്കോറുമായി മടങ്ങിയെങ്കിലും ആകർഷും ഗോവിന്ദ് പൈയും ചേർന്ന 90 റൺസ് കൂട്ടുകെട്ടാണ് ലയൺസിൻ്റെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. 36 പന്തുകളിൽ അഞ്ച് ഫോറും ആറ് സിക്സുമടക്കം ആകർഷ് 68 റൺസെടുത്തു. ഗോവിന്ദ് പൈ 43 പന്തുകളിൽ 71 റൺസ് നേടി. അവസാന ഓവറുകളിൽ 24 പന്തുകളിൽ നിന്ന് 55 റൺസെടുത്ത കൃഷ്ണദേവൻ്റെ പ്രകടനവും ശ്രദ്ധേയമായി. ലയൺസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുത്തു. റോയൽസിന് വേണ്ടി ഫാസിൽ ഫാനൂസ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. വലിയ സ്കോർ ലക്ഷ്യമിട്ടിറങ്ങിയ റോയൽസ് നിരയിൽ ആർക്കും തന്നെ മികച്ച ഇന്നിങ്സ് കാഴ്ച വയ്ക്കാനായില്ല. 34 റൺസെടുത്ത അക്ഷയ് ആണ് റോയൽസിൻ്റെ ടോപ് സ്കോറർ. ഷോൺ റോജറും കാമിൽ അബൂബക്കറും 29 റൺസ് വീതവും ക്യാപ്റ്റൻ അഖിൽ സ്കറിയ 27 ഉം റൺസെടുത്തു. റോയൽസിൻ്റെ മറുപടി 20 ഓവറിൽ ഒൻപത് വിക്കറ്റിന് 172 റൺസിൽ അവസാനിച്ചു. ടൂർണ്ണമെൻ്റിൽ റോയൽസിൻ്റെ ആദ്യ തോൽവിയാണിത്. ലയൺസിന് വേണ്ടി ഷറഫുദ്ദീൻ മൂന്നും വിനയ് വർഗീസ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

രണ്ടാം മല്സരത്തിൽ ഈഗിൾസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. 14 പന്തുകളിൽ രണ്ട് ഫോറും അഞ്ച് സിക്സുമടക്കം 44 റൺസുമായി പുറത്താകാതെ നിന്ന പള്ളം അൻഫലിൻ്റെ പ്രകടനമാണ് ടൈഗേഴ്സ് ബാറ്റിങ് നിരയിൽ ശ്രദ്ധേയമായത്. 50 റൺസെടുത്ത മാനവ് കൃഷ്ണയും 37 റൺസെടുത്ത അഭിഷേക് നായരും 30 റൺസെടുത്ത അജ്നാസും ടൈഗേഴ്സ് ബാറ്റിങ് നിരയിൽ തിളങ്ങി. രാഹുൽ ചന്ദ്രനും ആതിഫ് ബിൻ അഷ്റഫും ഈഗിൾസിനായി രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഈഗിൾസ് ബാറ്റിങ് നിരയിൽ 28 റൺസെടുത്ത അക്ഷയ് മനോഹർ മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. 18.3 ഓവറിൽ 124 റൺസിന് ഈഗിൾസ് പുറത്തായി.ടൈഗേഴ്സിന് വേണ്ടി ബിജു നാരായണൻ മൂന്നും ആൽബിൻ, ജിഷ്ണു, ശ്രീഹരി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.