കെസിഎ – എൻ.എസ്.കെ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: മലപ്പുറവും കംബൈൻഡ് ഡിസ്ട്രിക്ട്സും സെമിയിൽ

തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എൻഎസ്കെ ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ, മലപ്പുറവും കംബൈൻഡ് ഡിസ്ട്രിക്ട്സും സെമി ഫൈനലിലേക്ക് മുന്നേറി. ക്വാർട്ടറിൽ മലപ്പുറം കാസർകോഡിനെ എട്ട് വിക്കറ്റിന് തോല്പിച്ചപ്പോൾ 91 റൺസിനായിരുന്നു കോഴിക്കോടിനെതിരെ കംബൈൻഡ് ഡിസ്ട്രിക്ട്സിന്റെ വിജയം. 40 പന്തുകളിൽ സെഞ്ച്വറി നേടി മലപ്പുറത്തിന് അനായാസ വിജയം സമ്മാനിച്ച ആനന്ദ് കൃഷ്ണന്റെ ഇന്നിങ്സായിരുന്നു ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത്.
മലപ്പുറത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത കാസർകോഡ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. 32 പന്തുകളിൽ രണ്ട് ഫോറും ആറ് സിക്സും അടക്കം 62 റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്റെയും 40 പന്തുകളിൽ അഞ്ച് ഫോറും ആറ് സിക്സുമടക്കം 73 റൺസുമായി പുറത്താകാതെ നിന്ന ആഷിഖ് അലിയുടെയും പ്രകടനമാണ് കാസർകോഡിനെ മികച്ച സ്കോറിലെത്തിച്ചത്. മലപ്പുറത്തിന് വേണ്ടി അബ്ദുൾ റമീസ് മൂന്നും വിഘ്നേഷ് പുത്തൂർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മലപ്പുറം 14.2 ഓവറിൽ ലക്ഷ്യത്തിലെത്തി. 41 പന്തുകളിൽ അഞ്ച് ഫോറും 12 സിക്സുമടക്കം 104 റൺസുമായി പുറത്താകാതെ നിന്ന ആനന്ദ് കൃഷ്ണനാണ് മലപ്പുറത്തിന്റെ വിജയം അനായാസമാക്കിയത്. 21 പന്തിലാണ് ആനന്ദ് അർദ്ധ സെഞ്ച്വറി തികച്ചത്. 26 പന്തുകളിൽ 51 റൺസുമായി പുറത്താകാതെ നിന്ന നിഖിൽ തോട്ടത്തും മലപ്പുറത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചു.
രണ്ടാം ക്വാർട്ടറിൽ കോഴിക്കോടിനെതിരെ ആദ്യം ബാറ്റ് ചെയ്ത കംബൈൻഡ് ഡിസ്ട്രിക്ട്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. 33 പന്തുകളിൽ 52 റൺസെടുത്ത ക്യാപ്റ്റൻ രോഹൻ നായരും 28 പന്തുകളിൽ 45 റൺസെടുത്ത അക്ഷയ് ശിവുമാണ് കംബൈൻഡിന് വേണ്ടി മികച്ച ബാറ്റിങ് കാഴ്ചവച്ചത്. ഏഴ് പന്തുകളിൽ 20 റൺസെടുത്ത ശ്രീവർദ്ധൻ മുരളിയുടെയും 16 പന്തുകളിൽ 26 റൺസെടുത്ത എസ് എസ് അക്ഷയുടെയും പ്രകടനവും ശ്രദ്ധേയമായി. കോഴിക്കോടിന് വേണ്ടി അഖിൽ ദേവും പി നസലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കോഴിക്കോട് 16.4 ഓവറിൽ 110 റൺസിന് ഓൾ ഔട്ടായി. 22 റൺസെടുത്ത ധ്വജ് റായ്ച്ചൂരയാണ് കോഴിക്കോടിന്റെ ടോപ് സ്കോറർ. നാല് വിക്കറ്റെടുത്ത സുരേഷ് വിശ്വേശ്വറും മൂന്ന് വിക്കറ്റെടുത്ത അനുരാജുമാണ് കംബൈൻഡ് ബൗളിങ് നിരയിൽ തിളങ്ങിയത്.
വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനൽ മത്സരങ്ങളിൽ മലപ്പുറം എറണാകുളത്തിനെയും കംബൈൻഡ് ഡിസ്ട്രിക്ട്സ് തിരുവനന്തപുരത്തിനെയും നേരിടും.