ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ രക്ഷകരായി ദിനേശ് കാര്‍ത്തിക്കിന്റെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും ഇന്നിംഗ്സുകള്‍. 6 വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് ഇന്ത്യ നാലാം ടി20യിൽ നേടിയത്. വിജയിച്ചാൽ പരമ്പരയിൽ ഇന്ത്യയുടെ സാധ്യത നിലനിര്‍ത്താം.
13ാം ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 81/4 എന്ന നിലയിലായിരുന്നു. റുതുരാജ് ഗായക്വാഡും(5), ശ്രേയസ്സ് അയ്യരും(4) വേഗത്തിൽ പുറത്തായപ്പോള്‍ ഇഷാന്‍ കിഷനും(27), ഋഷഭ് പന്തിനും(17) സ്കോര്‍ ബോര്‍ഡ് വേഗത്തിൽ ചലിപ്പിക്കാനായില്ല.
അഞ്ചാം വിക്കറ്റിൽ ദിനേശ് കാര്‍ത്തിക്കും ഹാര്‍ദ്ദിക്കും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരെ കൗണ്ടര്‍ അറ്റാക്കിംഗ് പുറത്തെടുത്താണ് ഇന്ത്യയുടെ സ്കോറിന് മാന്യത പകര്‍ന്നത്. 34 പന്തിൽ 65 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 31 പന്തിൽ 46 റൺസ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ പുറത്താക്കി ലുംഗിസാനി എന്‍ഗിഡി ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.
അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സര്‍ നേടി ദിനേശ് കാര്‍ത്തിക് തന്റെ കന്നി അന്താരാഷ്ട്ര ടി20 അര്‍ദ്ധ ശതകം നേടിയെങ്കിലും തൊട്ടടുത്ത പന്തിൽ താരം പുറത്തായി. 27 പന്തിൽ 55 റൺസാണ് ദിനേശ് കാര്‍ത്തിക് നേടിയത്. 9 ഫോറും 2 സിക്സും അടക്കമായിരുന്നു ഈ സ്കോര്‍.