വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ മുംബൈയെ 55 റൺസിന് പരാജയപ്പെടുത്തി കർണാടക തുടർച്ചയായ നാലാം തവണയും സെമിഫൈനലിലേക്ക് യോഗ്യത നേടി. ബംഗളൂരുവിലെ ബി.സി.സി.ഐ സി.ഒ.ഇ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മോശം വെളിച്ചം കാരണം കളി തടസ്സപ്പെട്ടതിനെത്തുടർന്ന് വി.ജെ.ഡി നിയമപ്രകാരമാണ് കർണാടകയെ വിജയികളായി പ്രഖ്യാപിച്ചത്.

മുംബൈ ഉയർത്തിയ 255 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കർണാടക 33 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് എടുത്ത് നിൽക്കുമ്പോഴാണ് കളി നിർത്തിവെച്ചത്. ഓപ്പണർ മായങ്ക് അഗർവാളിനെ (12) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ദേവ്ദത്ത് പടിക്കലും (81) കരുൺ നായരും (74) ചേർന്ന് കർണാടകയെ സുരക്ഷിതമായ നിലയിൽ എത്തിച്ചു.
നേരത്തെ ടോസ് നേടി പന്തെറിയാൻ തീരുമാനിച്ച കർണാടക ക്യാപ്റ്റൻ മായങ്ക് അഗർവാളിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ബൗളർമാർ കാഴ്ചവെച്ചത്. മുംബൈ നിരയിൽ ഷംസ് മുലാനി (86) പൊരുതിയെങ്കിലും മറ്റാർക്കും വലിയ സ്കോറുകൾ കണ്ടെത്താനായില്ല. കർണാടകയ്ക്കായി വിദ്യാധർ പാട്ടീൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ വിദ്വത് കവേരപ്പയും അഭിലാഷ് ഷെട്ടിയും രണ്ട് വിക്കറ്റുകൾ വീതം നേടി.









