കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള മൂന്ന് അംഗ ക്രിക്കറ്റ് ഉപദേശക സമിതി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ നിയമിക്കും. കപിൽ ദേവിനെ കൂടാതെ അൻഷുമാൻ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് ക്രിക്കറ്റ് ഉപദേശക സമിതിയിലെ മറ്റു അംഗങ്ങൾ. അതെ സമയം ബി.സി.സി.ഐയുടെ ഭരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ സുപ്രീം കോടതിയുടെ അടുത്ത ഹിയറിങ്ങിന് ശേഷമാവും കമ്മിറ്റി രൂപീകരണം നടക്കുക.
നേരത്തെ കപിൽ ദേവിന്റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റിയാണ് ഇന്ത്യയുടെ വനിതാ ടീമിന്റെ പരിശീലകനായി WV രാമനെ നിയമിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബി.സി.സി.ഐ ഇന്ത്യൻ ടീമിന്റെ പരിശീലകനും സപ്പോർട്ടിങ് സ്റ്റാഫിനും വേണ്ടിയുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. 60 വയസ്സിൽ താഴെയുള്ളതും രണ്ടു വർഷത്തെ ഇന്റർനാഷണൽ ക്രിക്കറ്റ് പരിചയം ഉള്ളവരെയുമാണ് ബി.സി.സി.ഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ജൂലൈ 30നാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി. നിലവിലെ പരിശീലകനായ രവി ശാസ്ത്രിയെയും പുതിയ പരിശീലകനെ കണ്ടെത്താനുള്ള കമ്മിറ്റി പരിഗണിക്കും.