ഇരട്ട ശതകം നേടി കെയിന്‍ വില്യംസണ്‍, ന്യൂസിലാണ്ടിന്റെ പടുകൂറ്റന്‍ സ്കോര്‍

Sports Correspondent

ടോം ലാഥം(161), ജീത്ത് റാവല്‍(132) എന്നിവരുടെ ശതകങ്ങള്‍ക്ക് ശേഷം നായകന്‍ കെയിന്‍ വില്യംസണ്‍ ഇരട്ട ശതകം നേടിയ മത്സരത്തില്‍ പടുകൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ നേടി ന്യൂസിലാണ്ട്. ബംഗ്ലാദേശേിനെ 234 റണ്‍സിനു പുറത്താക്കിയ ശേഷം 715/6 എന്ന സ്കോറാണ് ന്യൂസിലാണ്ട് നേടിയത്. വില്യംസണ്‍ 200 റണ്‍സ് നേടിയതോടെ ന്യൂസിലാണ്ട് തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുവാന്‍ ഡിക്ലറേഷന്‍ നടത്തുകയായിരുന്നു. ടെസ്റ്റ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ സ്കോറാണ് ഇന്ന് ന്യൂസിലാണ്ട് ഹാമിള്‍ട്ടണില്‍ നേടിയത്.

വില്യംസണ്‍ 200 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ നീല്‍ വാഗ്നര്‍(47), ബിജെ വാട്ളിംഗ്(31) എന്നിവര്‍ക്ക് പുറമെ വെടിക്കെട്ട് പ്രകടനവുമായി കോളിന്‍ ഡി ഗ്രാന്‍ഡോം അടിച്ച് തകര്‍ക്കുകയായിരുന്നു. 53 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയാണ് ഗ്രാന്‍ഡോം പുറത്താകാതെ നിന്നത്. സൗമ്യ സര്‍ക്കാര്‍, മെഹ്ദി ഹസന്‍ എന്നിവര്‍ ന്യൂസിലാണ്ടിനായി 2 വീതം വിക്കറ്റ് നേടി.

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ പെടാപ്പാട് പെടുന്ന ബംഗ്ലാദേശ് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 174/4 എന്ന നിലയിലാണ്. 307 റണ്‍സ് ഇനിയും ന്യൂസിലാണ്ടിനെ ബാറ്റ് ചെയ്യിക്കുവാന്‍ നേടേണ്ട ബംഗ്ലാദേശിനു വേണ്ടി തമീം ഇക്ബാല്‍ 74 റണ്‍സുമായി തിളങ്ങി. ആദ്യ ഇന്നിംഗ്സില്‍ തമീം ശതകം(126) നേടിയിരുന്നു.

48 റണ്‍സ് നേടി അഞ്ചാം വിക്കറ്റില്‍ സൗമ്യ സര്‍ക്കാര്‍(39*) മഹമ്മുദുള്ള(15*) കൂട്ടുകെട്ടാണ് ക്രീസില്‍ നില്‍ക്കുന്നത്. ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് രണ്ടും ടിം സൗത്തി, നീല്‍ വാഗ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.