രണ്ട് ഓസ്ട്രേലിയന്‍ ടീമുകള്‍ ഒരേ സമയത്ത് കളിക്കുന്നതിനോട് താന്‍ യോജിക്കുന്നില്ല – ജസ്റ്റിന്‍ ലാംഗര്‍

Sports Correspondent

ഓസ്ട്രേലിയയുടെ രണ്ട് ടീമുകള്‍ ഒരേ സമയം കളിക്കുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്ന് പറഞ്ഞ് മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. എഫ്ടിപി പ്രകാരം ദക്ഷിണാഫ്രിക്കയുമായി ടെസ്റ്റ് മത്സരം ഉള്ള സമയത്ത് തന്നെ ഓസ്ട്രേലിയ ന്യൂസിലാണ്ടുമായി ടി20 മത്സരം കളിക്കാനിരിക്കുകയാണ്. അപ്പോള്‍ രണ്ട് ടീമുകള്‍ കളത്തിലറക്കേണ്ട സാഹചര്യമാണുള്ളത്. ഫെബ്രുവരി 22നാണ് ന്യൂസിലാണ്ടുമായുള്ള അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പര നടക്കാനിരിക്കുന്നത്.

മുമ്പ് ഓസ്ട്രേലിയ ഇത്തരത്തില്‍ കളിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഇതിനോട് യോജിപ്പില്ലെന്ന് മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി. കോവിഡ് കാരണം പരമ്പരകള്‍ പലതും മാറ്റി വയ്ക്കേണ്ടി വന്നതിനാലാണ് ഈ തീരുമാനമെന്ന് അറിയാമെങ്കിലും ഇതിനോട് തനിക്ക് യോജിക്കാനാകുന്നില്ലെന്നാണ് ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കിയത്.

ഒരു കോച്ചിന്റെ പക്ഷത്ത് നിന്ന് ചിന്തിക്കുമ്പോള്‍ അത് അത്ര സുഖകരമായ കാര്യമല്ല, ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും താന്‍ അത് സിഇഒയോടും ചെയര്‍മാനോടും വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി.

ഒരേ സമയം രണ്ട് ഓസ്ട്രേലിയന്‍ ടീമുകള്‍ വേണമെന്ന അഭിപ്രാക്കാരനല്ല താന്‍, പക്ഷേ ഇത് കോവിഡ് പ്രതിസന്ധി കാരണമാണ് ഉണ്ടായതെന്ന് തനിക്ക് മനസ്സിലാകുന്നുണ്ടെന്ന് ഓസ്ട്രേലിയന്‍ മുന്‍ താരം കൂടിയായ ലാംഗര്‍ വ്യക്തമാക്കി.

ഇതാദ്യമായല്ല ഓസ്ട്രേലിയ ഇത്തരത്തില്‍ രണ്ട് ടീമുകളെ ഇറക്കുന്നത്. 2015ല്‍ യുഎഇയിലെ ടെസ്റ്റ് പരമ്പരയ്ക്ക് രണ്ട് ദിവസം കഴിഞ്ഞ് ദക്ഷിണാഫ്രിക്കയുമായി ടി20 പരമ്പര ഇത്തരത്തില്‍ ഓസ്ട്രേലിയ കളിച്ചിട്ടുണ്ട്. 2017ല്‍ ലാംഗര്‍ ചുമതല വഹിക്കുമ്പോളും ഇത്തരത്തില്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരയ്ക്കും ശ്രീലങ്കയില്‍ ടി20 പരമ്പരയ്ക്കുമായി ഓസ്ട്രേലിയ ടീം പ്രഖ്യാപിച്ചിരുന്നു.