എഡ് ജോയിസിന്റെ ബാറ്റിംഗ് മികവില്‍ യുഎഇയ്ക്കെതിരെ വിജയം നേടി അയര്‍ലണ്ട്. ഇന്ന് യുഎഇ, അയര്‍ലണ്ട്, സ്കോട്ലാന്‍ഡ് ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിലാണ് യുഎഇയെ മറികടന്ന് അയര്‍ലണ്ട് വിജയം നേടിയത്. ദുബായിയിലെ ഐസിസി അക്കാഡമിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുഎഇ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ട് ഒരു ഘട്ടത്തില്‍ 91/5 എന്ന നിലയില്‍ തോല്‍വിയെ ഉറ്റുനോക്കിയെങ്കിലും എഡ് ജോയിസ്-ഗാരി വില്‍സണ്‍ സഖ്യമാണ് അയര്‍ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.
75 റണ്‍സ് നേടിയ റമീസ് ഷെഹ്സാദ് ആണ് യുഎഇയുടെ ടോപ് സ്കോറര്‍. അഷ്ഫാക് അഹമ്മദ്(35), മുഹമ്മദ് ബൂട്ട(37) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. രണ്ട് വീതം വിക്കറ്റഅ വീഴ്ത്തി ബോയഡ് റാങ്കിന്‍, ബാരി മക്കാര്‍ത്തി, പീറ്റര്‍ ചേസ്, കെവിന്‍ ഒബ്രൈന്‍ എന്നിവരാണ് അയര്‍ലണ്ടിനായി മികച്ച ബൗളിംഗ് കാഴ്ചവെച്ചത്.
അനായാസ ലക്ഷ്യം തേടി ഇറങ്ങിയ അയര്‍ലണ്ടിനു ആദ്യ ഓവറില്‍ തന്നെ പോള്‍ സ്റ്റെര്‍ലിംഗിനെ നഷ്ടമായി. ഓവറുകളുടെ വ്യത്യാസത്തില്‍ റണ്ണൊന്നുമെടുക്കാതെ ആന്‍ഡ്രൂ ബാല്‍ബിര്‍ണേയെയും നഷ്ടമായപ്പോള്‍ അയര്‍ലണ്ട് 5/2 എന്ന നിലയിലായിരുന്നു. പിന്നീട് വില്യം പോര്‍ട്ടര്‍ഫീല്‍ഡ്(28) എഡ് ജോയിസ് സഖ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും പോര്‍ട്ടര്‍ഫീല്‍ഡും വേഗം മടങ്ങി. വിക്കറ്റുകള്‍ വീണ്ടും വീണപ്പോള്‍ അയര്‍ലണ്ട് തോല്‍വി മണക്കുകയായിരുന്നു.
പിന്നീട് ആറാം വിക്കറ്റില്‍ ഒത്തൂകൂടിയ ഗാരി വില്‍സണ്‍(53)-ജോയിസ് സഖ്യം(116*) ടീമിനെ 131 റണ്‍സ് കൂട്ടുകെട്ട് നേടി ക്ഷിക്കുകയായിരുന്നു. സ്കോറുകള്‍ സമനിലയായപ്പോള്‍ ഗാരി വില്‍സണെ നഷ്ടമായെങ്കിലും മികച്ചൊരു ബൗണ്ടറി നേടി എഡ് ജോയിസ് ടീമിന്റെ വിജയ റണ്‍സ് നേടി.
മുഹമ്മദ് നവീദ്, അഹമ്മദ് റാസ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഓരോ വിക്കറ്റുമായി രോഹന്‍ മുസ്തഫ, സഹൂര്‍ ഖാന്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial