ജോ റൂട്ട് ബാസ്ബോൾ കളിക്കുന്നത് നിർത്തണം എന്ന് മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ മൈക്കൽ വോൺ. തൻ്റെ സ്വാഭാവിക കളിയിലേക്ക് മടങ്ങണമെന്നും ജോ റൂട്ടിനോട് മൈക്കൽ വോൺ അഭ്യർത്ഥിച്ചു.
ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് 29, 2, 5, 16 എന്നിങ്ങനെയായിരുന്നു റൂട്ടിൻ്റെ സ്‌കോറുകൾ. അറ്റാക്ക് ചെയ്ത് കളിക്കാൻ നോക്കി ജോ റൂട്ട് പരാജയപ്പെടുന്നതാണ് ഈ മത്സരങ്ങളിൽ കാണാൻ ആയത്.
“ടീമിൽ ചിലർ അങ്ങനെ കളിക്കുന്നതിൽ എനിക്ക് പ്രശ്‌നമില്ല, കാരണം അവർ അതിന് കഴിവുള്ളവരാണ്. എന്നാൽ ജോ റൂട്ട് ആ ശൈലി മറക്കണം. ജോ റൂട്ട് 10,000 ടെസ്റ്റ് റൺസ് നേടിയിട്ടുണ്ട്. അത് ബാസ്ബോൾ കളിച്ചല്ല. അവന് ഒരു ബാസ്ബോൾ ശൈലിയുടെ ആവശ്യമില്ല.” വോൺ പറഞ്ഞു
“മാനേജുമെൻ്റിലെ ആരെങ്കിലും ജോ റൂട്ടിനോട് “ദയവായി നിങ്ങൾ നിങ്ങളുടെ ശൈലിയിൽ കളിക്കുക” എന്ന് പറയേണ്ട സമയമാണിത്. സ്പിന്നിനെതിരെ ഇത് വളരെ പ്രധാനമാണ്. ഗ്രഹാം ഗൂച്ചിനൊപ്പം, റൂട്ട് ഇംഗ്ലണ്ടിൻ്റെ എക്കാലത്തെയും മികച്ച സ്പിൻ കളിക്കാരനാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.