ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ വെറും 169 റൺസ് മാത്രമാണ് നേടിയതെങ്കിലും തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിക്കുന്ന ജൂലന്‍ ഗോസ്വാമിയ്ക്ക് മികച്ച യാത്രമൊഴി നൽകി ഇന്ത്യന്‍ താരങ്ങള്‍. ഇംഗ്ലണ്ടിന്റെ വാലറ്റത്തിന്റെ പോരാട്ട വീര്യത്തെ അതിജീവിച്ച് പത്താം വിക്കറ്റ് വിവാദ രീതിയിൽ നേടിയാണ് ഇന്ത്യ 16 റൺസ് വിജയം നേടിയത്. 65/7 എന്ന നിലയിൽ നിന്ന് 43.4 ഓവറിൽ 153 റൺസ് നേടി ഇംഗ്ലണ്ട് പുറത്താകുമ്പോള്‍ ചാര്‍ലറ്റ് ഡീനിനെ അവസാന വിക്കറ്റായി മങ്കാഡിംഗ് രൂപത്തിലാണ് ദീപ്തി ശര്‍മ്മ പുറത്താക്കിയത്.
65/7 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ എട്ടാം വിക്കറ്റിൽ ആമി ജോൺസും ചാര്‍ലട്ട് ഡീനും ചേര്‍ന്ന് 38 റൺസ് നേടി മുന്നോട്ട് നയിച്ചുവെങ്കിലും 28 റൺസ് നേടിയ ആമിയെ വീഴ്ത്തി രേണുക ഈ കൂട്ടുകെട്ട് തകര്‍ത്തു.
ഡീനും കേറ്റ് ക്രോസും വെല്ലുവിളി ഉയര്‍ത്തുമെന്ന് തോന്നിപ്പിച്ചുവെങ്കിലും തന്റെ കരിയറിലെ അവസാന ഓവറിൽ കേറ്റ് ക്രോസിനെ(10) വീഴ്ത്തി ജൂലന്‍ ഗോസ്വാമി ഇംഗ്ലണ്ടിന്റെ 9ാം വിക്കറ്റ് നേടി. അവസാന വിക്കറ്റിൽ ഫ്രേയ ഡേവിസിനെ കൂട്ടുപിടിച്ച് ചാര്‍ലട്ട് ഡീൻ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ദീപ്തി ശര്‍മ്മ തരത്തെ മങ്കാഡിംഗ് രീതിയിൽ പുറത്താക്കിയപ്പോള്‍ ഇന്ത്യ 16 റൺസ് വിജയം നേടി. ഡീന്‍ 47 റൺസ് നേടി പുറത്തായപ്പോള്‍ ഫ്രേയ 10 റൺസ് നേടി.
ഇന്ത്യയ്ക്കായി രേണുക സിംഗ് നാലും ജൂലന്‍ ഗോസ്വാമിയും രാജേശ്വരി ഗായക്വാഡും രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ദീപ്തി ശര്‍മ്മ ഒരു വിക്കറ്റ് നേടി.