ആവശ്യത്തിന് മത്സരങ്ങള്‍ ഇപ്പോളുള്ള സ്റ്റേഡിയങ്ങളില്‍ നടക്കുന്നില്ല, ഈ പുതിയ സ്റ്റേഡിയം ആവശ്യമോ? -മഹേല

Sports Correspondent

ശ്രീലങ്ക പുതുതായി നിര്‍മ്മിക്കാനിരിക്കുന്ന സ്റ്റേഡിയത്തിന്റെ വാര്‍ത്തയോട് പ്രതികരിച്ച് മുന്‍ ലങ്കന്‍ നായകന്‍ മഹേല ജയവര്‍ദ്ധനേ. ട്വിറ്ററിലൂടെയാണ് താരം ഈ വാര്‍ത്തയോടുള്ള തന്റെ പ്രതികരണം അറിയിച്ചത്. ഇപ്പോളുള്ള സ്റ്റേഡിയങ്ങളില്‍ തന്നെ ആവശ്യത്തിന് അന്താരാഷ്ട്ര മത്സരങ്ങളോ പ്രാദേശിക മത്സരങ്ങളോ നടത്തപ്പെടാറില്ലെന്നും അപ്പോള്‍ ഇത്തരത്തില്‍ ഒരു സ്റ്റേഡിയം ശരിക്കും ആവശ്യമോ എന്നാണ് മഹേലയുടെ ചോദ്യം.

എന്നാല്‍ ശ്രീലങ്കന്‍ ബോര്‍ഡ് എന്ത് കൊണ്ട് ഈ സ്റ്റേഡിയം അനിവാര്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2006ല്‍ 30 വര്‍ഷത്തെ ലീസില്‍ സുഗതദാസ സ്പോര്‍ട്സ് കോംപ്ലെക്സ് അതോറിറ്റിയില്‍ നിന്ന് എടുത്ത സ്റ്റേഡിയമാണ് ആര്‍ പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം എന്നതിനാല്‍ തന്നെ ഭാവിയില്‍ ബോര്‍ഡിന് സ്വന്തമായി ഒരു സ്റ്റേഡിയം ഫ്ലഡ്‍ലൈറ്റ് സൗകര്യത്തോടെ ആവശ്യമാണെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.