ഇന്ത്യയ്ക്കായി തന്റെ കന്നി സിക്സ് നേടുന്ന ജസ്പ്രീത് ബുംറയ്ക്ക് ഇന്ന് നൂറാം ഏകദിന മത്സരമായിരുന്നു മൊഹാലിയില്‍. നൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചതിനു ശേഷവും കന്നി സിക്സ് ഇതുവരെ നേടാനാകാത്ത ഒരേയൊരു ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മ്മയയാണ്. ഇഷാന്ത് 184 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളതെങ്കിലും ഇതുവരെ സിക്സ് നേടുവാന്‍ സാധിച്ചിട്ടില്ല.
മൊഹാലിയില്‍ ഇന്ത്യന്‍ ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് ബുംറ താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പാറ്റ് കമ്മിന്‍സിനെ സിക്സര്‍ പറത്തിയത്. ജസ്പ്രീത് ബുംറയുടെ ഈ സിക്സര്‍ വിരാട് കോഹ്‍ലിയെയും ഇന്ത്യന്‍ ക്യാമ്പിനെയും ആവേശത്തിലാഴ്ത്തുകയായിരുന്നു. ചഹാലിനെ പുറത്താക്കി തന്റെ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയ പാറ്റ് കമ്മിന്‍സിന്റെ സ്പെല്ലിലെ അവസാന പന്തിനെയാണ് ബുംറ അടിച്ച് സിക്സിലേക്ക് പറത്തി വിട്ടത്.
That moment when @Jaspritbumrah93 hits the last ball for a maximum 😅😅#INDvAUS pic.twitter.com/e6iOHorg8N
— BCCI (@BCCI) March 10, 2019
2000ല്‍ വെങ്കിടേഷ് പ്രസാദ് ഓസ്ട്രേലിയയ്ക്കെതിരെ അവസാന പന്തില്‍ സിക്സര്‍ നേടിയ ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ പതിനൊന്നാം നമ്പര്‍ ബാറ്റ്സ്മാന്‍ ഒരിന്നിംഗ്സിന്റെ അവസാന പന്തില്‍ സിക്സര്‍ നേടുന്നത്. അന്ന് വെങ്കിടേഷ് പ്രസാദ് സിക്സര്‍ പറത്തിയതും ഇന്ന് ബുംറ സിക്സര്‍ നേടിയതും ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു.