ഇംഗ്ലണ്ടിന് 360 റൺസ്, ഓവര്‍ട്ടണിന് അരങ്ങേറ്റത്തിൽ ശതകം നഷ്ടം

Sports Correspondent

ജോണി ബൈര്‍സ്റ്റോ നേടിയ 162 റൺസിന്റെയും ജാമി ഓവര്‍ട്ടണിന്റെ 97 റൺസിന്റെയും ബലത്തിൽ 360 റൺസ് നേടി ഇംഗ്ലണ്ട്. 42 റൺസ് നേടിയ സ്റ്റുവര്‍ട് ബ്രോഡും തിളങ്ങിയപ്പോള്‍ ന്യൂസിലാണ്ടിനെതിരെ 31 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ആതിഥേയര്‍ നേടിയത്.

241 റൺസിന്റെ വമ്പന്‍ കൂട്ടുകെട്ട് തകര്‍ത്ത് ഓവര്‍ട്ടണിനെ ബോള്‍ട്ട് ആണ് പുറത്താക്കിയത്. ബോള്‍ട്ടിന്റെ മത്സരത്തിലെ നാലാമത്തെ വിക്കറ്റായിരുന്നു അത്. പിന്നീട് സ്റ്റുവര്‍ട് ബ്രോഡും ബൈര്‍സ്റ്റോയും ചേര്‍ന്ന് 45 റൺസാണ് എട്ടാം വിക്കറ്റിൽ നേടിയത്. ഇതിൽ 42 റൺസും ബ്രോഡിന്റെ സംഭാവനയായിരുന്നു.

ബ്രോഡിനെ സൗത്തി പുറത്താക്കിയപ്പോള്‍ ബൈര്‍സ്റ്റോയെ മൈക്കൽ ബ്രേസ്‍വെൽ പുറത്താക്കുകയായിരുന്നു. ഇരുവരെയും അടുത്തടുത്ത പന്തുകളിലാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ബോള്‍ട്ട് 4 വിക്കറ്റും സൗത്തി 3 വിക്കറ്റുമാണ് ന്യൂസിലാണ്ടിനായി നേടിയത്.

രണ്ടാം ഇന്നിംഗ്സിൽ ടോം ലാഥമിന്റെ മികവിൽ ന്യൂസിലാണ്ട് 125/1 എന്ന നിലയിലാണ് 33 ഓവറുകള്‍ പിന്നിടുമ്പോള്‍ 76 റൺസുമായി ലാഥവും താരത്തിന് കൂട്ടായി 37 റൺസ് നേടി കെയിന്‍ വില്യംസണും ആണ് ക്രീസിലുള്ളത്.