ജെയിംസ് നീഷമിന് എസ്സെക്സില്‍ കരാര്‍, താരം എത്തുക ടി20 ബ്ലാസ്റ്റിനായി

ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ ജെയിംസ് നീഷവുമായി കരാറിലെത്തി എസ്സെക്സ്. ടി20 ബ്ലാസ്റ്റിന് വേണ്ടിയാണ് താരത്തിനെ ടീമിന്റെ വിദേശ താരമായി ടീമിലെത്തിച്ചിരിക്കുന്നത്. താരം ടൂര്‍ണ്ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടങ്ങളില്‍ കൗണ്ടിയ്ക്ക് വേണ്ടി കളിച്ച ശേഷം പിന്നീട് ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുവാന്‍ ഇന്ത്യയിലേക്ക് യാത്രയാകും. ഐപിഎല്‍ കഴിഞ്ഞ ശേഷം താരം വീണ്ടും ക്ലബിനൊപ്പം ചേരുമെന്നാണ് അറിയുന്നത്.

മുമ്പ് ഡെര്‍ബിഷയറിനും കെന്റിനും വേണ്ടി കളിച്ചിട്ടുള്ളയാളാണ് ന്യൂസിലാണ്ടിന്റെ 30 വയസ്സുകാരന്‍ ഓള്‍റൗണ്ടര്‍. ന്യൂസിലാണ്ടിന് വേണ്ടി തന്റെ ഓള്‍റൗണ്ട് മികവ് മൂലം പല മത്സരങ്ങളും വിജയിപ്പിച്ച താരത്തിന്റെ സേവനം ഉറപ്പിക്കുവാന്‍ ആയതില്‍ ഏറെ സന്തോഷമുണ്ടെന്ന് എസ്സെക്സ് മുഖ്യ കോച്ച് ആന്തണി മക്ഗ്രാത്ത് വ്യക്തമാക്കി.