ടി20 പരമ്പരയിലും ഗുപ്ടിലില്ല, പകരം ജെയിംസ് നീഷം

Sports Correspondent

ഇന്ത്യയ്ക്കെതിരെ ടി20 പരമ്പരയിലും മാര്‍ട്ടിന്‍ ഗുപ്ടില്‍ കളിയ്ക്കില്ല. പരിശീലനത്തിനിടെ പരിക്കേറ്റ താരത്തിനു അഞ്ചാം ഏകദിനം നഷ്ടമായിരുന്നു. അതിനു ശേഷം ഇപ്പോള്‍ ടി20 പരമ്പരയിലും താരം പങ്കെടുക്കില്ലെന്നാണ് ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. പകരം ജെയിംസ് നീഷത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയില്‍ ഗുപ്ടില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താരം വെല്ലിംഗ്ടണില്‍ ഫിറ്റ്നെസ് ടെസ്റ്റിനു വിധേയനായെങ്കിലും പുറം വേദന തുടരുന്നതിനാലാണ് ഈ തീരുമാനം. ന്യൂസിലാണ്ടിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ഗുപ്ടിലെങ്കിലും ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയില്‍ താരത്തിനു അധികം റണ്‍സ് കണ്ടെത്താനായിരുന്നില്ല.

പകരം എത്തുന്ന ജെയിംസ് നീഷം മികച്ച ഫോമിലാണെന്നത് ടീമിനു ഏറെ ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. അവസാന ഏകദിനത്തില്‍ നീഷം 32 പന്തില്‍ നിന്ന് 44 റണ്‍സ് നേടി ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്ന് തോന്നിപ്പിച്ചിരുന്നു.