ഈ വര്‍ഷത്തെ കൗണ്ടി സീസണ്‍ അവസാനത്തോടെ ക്രിക്കറ്റ് മതിയാക്കുവാന്‍ നിശ്ചയിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജെയിംസ് ഫോസ്റ്റര്‍. ഇംഗ്ലണ്ട് കൗണ്ടി ടീമായ എസെക്സ്സിനു വേണ്ടി കളിക്കുന്ന ഫോസ്റ്ററിനു പുതിയ കരാര്‍ ടീം നല്‍കാത്തതിനെത്തുടര്‍ന്നാണ് ഈ തീരുമാനമെന്നാണ് അറിയുന്നത്. ഈ വര്‍ഷം നാല് മത്സരങ്ങള്‍ മാത്രമാണ് ടീമിനു വേണ്ടി ഫോസ്റ്റര്‍ കളിച്ചിട്ടുള്ളത്. അവയില്‍ നിന്ന് ഒരു അര്‍ദ്ധ ശതകം ഉള്‍പ്പെടെ 165 റണ്‍സാണ് താരം നേടിയത്.
താരത്തിനെക്കാള്‍ കൂടുതല്‍ പരിഗണന ടീമില്‍ വിക്കറ്റ് കീപ്പര്‍ ആയ ആഡം വെത്തറിനാണ് നല്‍കിയത്. ബാക്കപ്പ് കീപ്പറായ മൈക്കല്‍ പെപ്പറിനും ചില മത്സരങ്ങളില്‍ അവസരം ലഭിച്ചു. ഇതോടെ ടീമില്‍ തുടര്‍ന്ന് താരത്തിനു സ്ഥാനമുണ്ടാകില്ലെന്ന സൂചന നേരത്തെ തന്ന എസെക്സ്സ് നല്‍കിയിരുന്നു. 2000ല്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയ താരം കോച്ചിംഗ് ദൗത്യങ്ങളും ഇതിനിടയില്‍ ചെയ്തിരുന്നു.
ഇംഗ്ലണ്ടിനും ലയണ്‍സിനു പുറമേ ഇംഗ്ലണ്ടിലെത്തിയ വിന്‍ഡീസ്, പാക്കിസ്ഥാന്‍ ടീമുകള്‍ക്കായും ഫോസ്റ്റര്‍ താല്‍ക്കാലിക സേവനം അനുഷ്ഠിക്കുന്നുണ്ട്. താരത്തെ പാക്കിസ്ഥാന്‍ ഫീല്‍ഡിംഗ് കോച്ചായും പരിഗണിക്കുന്നുണ്ടെന്ന് അറിയുന്നു.
ഇംഗ്ലണ്ടിനായി 7 ടെസ്റ്റുകളും 11 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരം 2001ല്‍ സിംബാബ്‍വേയ്ക്കെതിരെയാണ് ഏകദിന അരങ്ങേറ്റം നടത്തുന്നത്.