ആമാശയ സംബന്ധമായ അസുഖത്തെ (Gastroenteritis) തുടർന്ന് വിശ്രമത്തിലായിരുന്ന യുവ ഓപ്പണർ യശസ്വി ജയ്‌സ്വാൾ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ഡിസംബർ 29-ന് ജയ്പൂരിൽ ഛത്തീസ്ഗഡിനെതിരെ നടക്കുന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ ജയ്‌സ്വാൾ മുംബൈ ടീമിനായി കളിക്കാനാണ് സാധ്യത. ജനുവരി 6, 8 തീയതികളിൽ നടക്കുന്ന നിർണ്ണായക മത്സരങ്ങളിൽ സൂര്യകുമാർ യാദവ്, ശിവം ദുബെ എന്നിവർക്കൊപ്പവും ജയ്‌സ്വാൾ അണിനിരക്കും.
അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും 2026-ലെ ടി20 ലോകകപ്പ് ടീമിൽ നിന്ന് ജയ്‌സ്വാളിനെ ആവർത്തിച്ച് ഒഴിവാക്കുന്നതിനെതിരെ മുൻ ഇന്ത്യൻ നായകൻ ദിലീപ് വെങ്‌സർക്കർ രംഗത്തെത്തി. 22 ടി20 ഇന്നിംഗ്‌സുകളിൽ നിന്ന് 164.31 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിൽ 723 റൺസ് നേടിയിട്ടുള്ള ജയ്‌സ്വാളിനെപ്പോലൊരു താരത്തെ അവഗണിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.









