രാജ്‌കോട്ടിൽ വ്യാഴാഴ്ച നടക്കുന്ന മൂന്നാം ടെസ്റ്റിന് ഇന്ത്യ ഒരുങ്ങുന്നതിനു മുന്നോടിയായി സംസാരിച്ച ജഡേജ ഇംഗ്ലണ്ടിന്റെ ബാസ്‌ബോൾ ശൈലിയെ തോൽപ്പിക്കുക അത്ര വിഷമമുള്ള കാര്യമല്ല എന്ന് പറഞ്ഞു. തോൽപ്പിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ടീമല്ല ഇംഗ്ലണ്ട് എന്നും ഇന്ത്യൻ ഓൾ റൗണ്ടർ പറഞ്ഞു.
“ഇംഗ്ലണ്ടിനെ ഏറ്റവും ബുദ്ധിമുട്ടുള്ള ടീമായി ഞാൻ വിശേഷിപ്പിക്കില്ല. മറ്റ് ടീമുകൾക്ക് ഇന്ത്യയിൽ വന്ന് ജയിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ആക്രമണോത്സുകമായ കളി ശൈലിയാണ് അവർക്കുള്ളത്. നമ്മൾ അത് ശീലമാക്കുകയും അതിനനുസരിച്ച് ആസൂത്രണം ചെയ്യുകയും വേണം,” രാജ്‌കോട്ട് ടെസ്റ്റിൻ്റെ തലേന്ന് ജഡേജ പറഞ്ഞു.
“ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ ചെറിയ പിഴവുകളില്ലായിരുന്നുവെങ്കിൽ ഞങ്ങൾ തോൽക്കില്ലായിരുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.
നാളെ നടക്കുന്ന ടെസ്റ്റിൽ പിച്ച് എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ ആകില്ല എന്നും ജഡേജ പറഞ്ഞു.
“ഇവിടെ വിക്കറ്റ് പരന്നതും കഠിനവുമാണ്, ചിലപ്പോൾ നിങ്ങൾക്ക് മൂന്ന് ദിവസം കൊണ്ട് 37 വിക്കറ്റുകൾ ലഭിക്കും, എന്നാൽ ഈ വിക്കറ്റ് മികച്ചതായി തോന്നുന്നു.”
“ഇവിടെ ഓരോ കളിയിലും വിക്കറ്റ് വ്യത്യസ്തമായാണ് പെരുമാറുന്നത്. ചിലപ്പോൾ ഫ്ലാറ്റ് ആയിരിക്കും, ചിലപ്പോൾ ടേൺ ഉണ്ടാാകും, ചിലപ്പോൾ രണ്ടു ദിവസം നന്നായി കളിച്ചു പിന്നെ ടേൺ ചെയ്യും.”അദ്ദേഹം കൂട്ടിച്ചേർത്തു.