ഇംഗ്ലണ്ടിനെ അവസാന ഏകദിനത്തില്‍ അട്ടിമറിച്ച് തലയുയര്‍ത്തിയാണ് അയര്‍ലണ്ടിന്റെ മടക്കം. ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിംഗ് പരാജയപ്പെട്ടുവെങ്കിലും വേഗത്തില്‍ ഇംഗ്ലണ്ടിന് കീഴടങ്ങുവാന്‍ ടീം കൂട്ടാക്കിയിരുന്നില്ല. ഇംഗ്ലണ്ടിനെ പോലുള്ള വലിയ രാജ്യങ്ങളോട് കളിക്കുമ്പോള്‍ അയര്‍ലണ്ടിന് ഏറെക്കാര്യങ്ങള്‍ പഠിക്കാനാകുമെന്നാണ് മോണ്ടി പനേസര്‍ അഭിപ്രായപ്പെട്ടത്.
ഇംഗ്ലണ്ടിന്റെ സീം ബൗളിംഗിനെ നേരിടുന്നതാണ് ഈ പരമ്പരയില്‍ അവര്‍ നേരിട്ട പ്രധാന പ്രശ്നം. ഡേവിഡ് വില്ലിയുടെയും റീസ് ടോപ്ലേയുടെയും ഇടം കൈയ്യന്‍ സീം ബൗളിംഗ് അവര്‍ക്ക് വലിയ പ്രശ്നമുണ്ടാക്കി. ഇതിനെ തരണം ചെയ്യുവാന്‍ അവര്‍ക്ക് സാധിച്ചാല്‍ അവര്‍ അടുത്ത വട്ടം ഇതില്‍ കൂടുതല്‍ മെച്ചമുണ്ടാക്കുമെന്ന് മോണ്ടി പനേസര്‍ വ്യക്തമാക്കി.
ഇത്തരം ഒരു പദ്ധതി അവര്‍ മുന്‍കൂട്ടി തയ്യാറാക്കിയില്ലെങ്കില്‍ തുടര്‍ന്നും അവര്‍ക്ക് പ്രതിസന്ധി ഉണ്ടായേക്കാമെന്ന് പറഞ്ഞ പനേസര്‍ താരങ്ങള്‍ വേഗത്തില്‍ പഠിക്കുന്നവരാണെന്ന് പ്രതീക്ഷിക്കാമെന്നും പറഞ്ഞു.