രണ്ടാം ഏകദിനത്തില്‍ തിരിച്ചടിച്ച് അയര്‍ലണ്ട്

അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ഏകദിന മത്സരത്തില്‍ 3 വിക്കറ്റ് ജയം സ്വന്തമാക്കി അയര്‍ലണ്ട്. 182 റണ്‍സിനു അഫ്ഗാനിസ്ഥാനെ പിടിച്ചുകെട്ടിയെങ്കിലും മറുപടി ബാറ്റിംഗിനറങ്ങിയ അയര്‍ലണ്ടിനു കാര്യങ്ങള്‍ അത്ര എളുപ്പമല്ലായിരുന്നു. 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 183 റണ്‍സ് നേടി വിജയിച്ച ടീമിന്റെ രക്ഷയ്ക്കെത്തിയത് ആന്‍ഡ്രൂ ബാര്‍ബിര്‍ണേ(60), സിമി സിംഗ്(36*) എന്നിവരാണ്. പോള്‍ സ്റ്റിര്‍ലിംഗ്(39) ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. അഫ്ഗാനിസ്ഥാനിനായി റഷീദ് ഖാന്‍ മൂന്ന് വിക്കറ്റും മുഹമ്മദ് നബി ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനു 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 182 റണ്‍സ് മാത്രമാണ് 50 ഓവറില്‍ നിന്ന് നേടാനായത്. എട്ടാമനായി ഇറങ്ങി അവസാന വിക്കറ്റായി പുറത്താകുമ്പോള്‍ 42 റണ്‍സ് നേടിയ നജീബുള്ള സദ്രാന്റെ ഇന്നിംഗ്സാണ് ടീമിനെ 182 എന്ന സ്കോറിലേക്ക് എത്തിച്ചത്. റഹ്മത് ഷാ(32), അസ്ഗര്‍ അഫ്ഗാന്‍(39) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍.

ടിം മുര്‍ടാഗ് നാല് വിക്കറ്റ് നേടി അയര്‍ലണ്ട് ബൗളര്‍മാരില്‍ തിളങ്ങി. പീറ്റര്‍ ചേസ്, കെവിന്‍ ഒ ബ്രെയിന്‍ സിമി സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് നേടിയപ്പോള്‍ രണ്ട് അഫ്ഗാന്‍ താരങ്ങള്‍ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.

Previous articleകോർട്ടിലെ വസ്ത്രം മാറൽ, യുഎസ് ഓപ്പൺ അധികൃതർ മാപ്പ് പറഞ്ഞു
Next articleആന്റി മറെ പുറത്ത്