ന്യൂസിലാന്റിനു എതിരെ മൂന്നാം ഏകദിനത്തിൽ അവരെ വിറപ്പിച്ചു അയർലന്റ് കീഴടങ്ങി. ഇതോടെ മൂന്നു ഏകദിനങ്ങളുള്ള പരമ്പര ന്യൂസിലാന്റ് 3-0 നു സ്വന്തമാക്കി. 360 എന്ന കൂറ്റൻ സ്‌കോർ പിന്തുടർന്ന അയർലന്റ് 359 നു ഒമ്പത് വിക്കറ്റുകൾ എന്ന നിലയിൽ 50 ഓവറുകളും പൂർത്തിയാക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് മാർട്ടിൻ ഗുപ്റ്റിലിന്റെ ശതകത്തിന്റെ മികവിൽ ആണ് വമ്പൻ സ്കോറിൽ എത്തിയത്. 54 പന്തിൽ 79 റൺസ് നേടിയ ഹെൻറി നിക്കോൾസ്, 30 പന്തിൽ 47 റൺസ് എടുത്ത ഗ്ലെൻ ഫിലിപ്‌സ് എന്നിവരും ന്യൂസിലാന്റിന്റെ വലിയ സ്കോറിനു സംഭാവന നൽകി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ അയർലന്റ് ന്യൂസിലാന്റിന് അതേനാണയത്തിൽ തന്നെയാണ് മറുപടി നൽകിയത്. തുടക്കത്തിൽ പങ്കാളിയെ നഷ്ടമായി എങ്കിലും പോൾ സ്റ്റിർലിങ് പതറിയില്ല, ആദ്യം 26 റൺസ് എടുത്ത ആന്റി മക്ബ്രിനെയും പിന്നീട് ഹാരി ടെക്ടറെയും കൂട്ടുപിടിച്ച് സ്റ്റിർലിങ് ഐറിഷ് പ്രത്യാക്രമണം നയിച്ചു.
103 പന്തിൽ സ്റ്റിർലിങ് 14 ഫോറുകളും, 5 സിക്സറുകളും അടക്കം 120 റൺസ് നേടി. തുടർന്ന് മാറ്റ് ഹെൻറിയുടെ പന്തിൽ ഗ്ലെൻ ഫിലിപ്‌സ് പിടിച്ചു സ്റ്റിർലിങ് പുറത്തായ ശേഷം ഹാരി ടെക്ടർ അയർലന്റിന് ആയി പൊരുതി. മിച്ചൽ സാന്റനറുടെ പന്തിൽ 106 പന്തിൽ 108 റൺസ് എടുത്ത ടെക്ടറും പുറത്തായതോടെ ന്യൂസിലാന്റ് ജയം മണത്തു. എന്നാൽ അവസാന നിമിഷങ്ങളിൽ ജോർജ് ഡോക്റൽ, ക്രയിഗ് യങ് തുടങ്ങിയ വാലറ്റക്കാർ ആക്രമണം അഴിച്ചു വിട്ടു. തുടർന്ന് അവസാന ഓവറിൽ 10 റൺസ് ബ്ലയർ ടിക്നർ 8 റൺസ് വിട്ടു കൊടുത്തു പ്രതിരോധിക്കുക ആയിരുന്നു. അവസാന ഓവറിൽ ക്രയിഗ് യങ് റൺ ഔട്ട് ആയതും അയർലന്റിനു തിരിച്ചടിയായി. ന്യൂസിലാന്റിന് ആയി മാറ്റ് ഹെൻറി 10 ഓവറിൽ 68 റൺസ് നൽകി 4 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ 10 ഓവറിൽ 71 റൺസ് നൽകിയ മിച്ചൽ സാന്റനർ മൂന്നു വിക്കറ്റുകളും വീഴ്ത്തി. അയർലന്റ് ജയിച്ചിരുന്നു എങ്കിൽ ഇത് ഏകദിനത്തിലെ ഏറ്റവും വലിയ അഞ്ചാമത് പിന്തുടർന്ന് ജയം ആവും ആയിരുന്നു.