സ്കോട്‍ലാന്‍ഡിനെയും വീഴ്ത്തി അയര്‍ലണ്ട്

Sports Correspondent

യുഎഇയെ ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെടുത്തിയ ശേഷം സ്കോട്‍ലാന്‍ഡിനെയു തോല്പിച്ച് അയര്‍ലണ്ടിനു മൂന്നാം ജയം. ഇന്ന് ദുബായിയിലെ ഐസിസി അക്കാഡമിയില്‍ നടന്ന മത്സരത്തില്‍ 6 വിക്കറ്റിന്റെ ജയമാണ് അയര്‍ലണ്ട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ഡ് സ്ഥിരം ക്യാപ്റ്റന്‍ കൈല്‍ കോയെട്സര്‍ ഇല്ലാതെയാണ് കളിക്കാനിറങ്ങിയത്. മൈക്കല്‍ ജോണ്‍സ്(87) ടോപ് സ്കോറര്‍ ആയ ടീമിനു വേണ്ടി കാലം മക്ലോയഡ്(33), ക്രെയിഗ് വാലസ്(34) എന്നിവരുടെ സംഭാവനകളുടെ ബലത്തില്‍ ടീം 49.2 ഓവറില്‍ 219 റണ്‍സ് നേടി ഓള്‍ഔട്ട് ആവുകയായിരുന്നു. ബോയഡ് റാങ്കിന്‍ മൂന്ന് വിക്കറ്റുമായി അയര്‍ലണ്ട് ബൗളിംഗിനെ നയിച്ചു. ബാരി മക്കാര്‍ത്തി 2 വിക്കറ്റും നേടി.

34.5 ഓവറില്‍ 223 റണ്‍സ് നേടി അയര്‍ലണ്ട് ലക്ഷ്യം മറികടക്കുകയായിരുന്നു. 67 റണ്‍സുമായി ആന്‍ഡ്രൂ ബാല്‍ബിര്‍ണേ, 55 റണ്‍സ് നേടി നിയാല്‍ ഒ ബ്രൈന്‍ എന്നിവര്‍ക്ക് പുറമേ പോള്‍ സ്റ്റിര്‍ലിംഗ്(38), എഡ് ജോയ്സ്(31*) എന്നിവരും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. സഫ്യാന്‍ ഷറീഫ്, ടോം സോള്‍ എന്നിവര്‍ സ്കോട്‍ലാന്‍ഡിനായി രണ്ട് വിക്കറ്റ് വീതം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial