ജോഫ്ര ആര്‍ച്ചര്‍ക്ക് പകരക്കാരനാര്?, രാജസ്ഥാനെ അലട്ടുന്ന വമ്പന്‍ ചോദ്യം

- Advertisement -

ഇന്നത്തെ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനും രാജസ്ഥാന്‍ റോയല്‍സിനും അവരുടെ വമ്പന്‍ താരങ്ങളെ നഷ്ടമാകുമെങ്കിലും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് രാജസ്ഥാന്‍ റോയല്‍സ് ആണെന്ന് നിസ്സംശയം പറയാം. ജോണി ബൈര്‍സ്റ്റോ സണ്‍റൈസേഴ്സിന്റെ ടോപ് ഓര്‍ഡറില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ശേഷം മടങ്ങുമ്പോള്‍ താരത്തിന്റെ വിടവ് നികത്തുക ശ്രമകരമാണ്. എന്നാല്‍ മാര്‍ട്ടിന്‍ ഗുപ്ടിലില്‍ ബൈര്‍സ്റ്റോയ്ക്ക് പകരം വയ്ക്കാവുന്ന വെടിക്കെട്ട് താരം സണ്‍റൈസേഴ്സ് നിരയിലുണ്ടെന്നത് ടീമിനു ആശ്വാസകരമായ കാര്യമാണ്.

അതേ സമയം രാജസ്ഥാന്‍ പകരക്കാരെ കണ്ടെത്തേണ്ടത് ജോഫ്ര ആര്‍ച്ചര്‍ക്കും ബെന്‍ സ്റ്റോക്സിനുമാണ്. ജോസ് ബട്‍ലറുടെ സേവനം ടീമിനു കഴിഞ്ഞ മത്സരങ്ങളില്‍ ഇല്ലായിരുന്നുവെങ്കിലും പകരം ബെന്‍ സ്റ്റോക്സും ജോഫ്ര ആര്‍ച്ചറും ടീമിലുണ്ടായിരുന്നു. സ്റ്റോക്സ് ഈ സീസണില്‍ അത്ര മികച്ച പ്രകടനം അല്ല പുറത്തെടുത്തതെന്നിരിക്കെ താരത്തിനു പകരം താരത്തെ കണ്ടെത്തുകയല്ല ഇപ്പോളത്തെ രാജസ്ഥാന്റെ പ്രധാന തലവേദന.

ജോഫ്ര ആര്‍ച്ചറുടെ ഓള്‍റൗണ്ട് സേവനങ്ങള്‍ക്ക് പകരം ആര് എന്നതാണ് രാജസ്ഥാന്‍ റോയല്‍സിനെ അലട്ടുന്ന വലിയ ചോദ്യം. ലിയാം ലിവിംഗ്സ്റ്റണിനെയും ആഷ്ടണ്‍ ടര്‍ണറെയും പരീക്ഷിച്ചുവെങ്കിലും ആരും തന്നെ അത്ര മികച്ച പ്രകടനം പുറത്തെടുത്തിരുന്നില്ല. ബെന്‍ സ്റ്റോക്സിനു പകരം ഓള്‍റൗണ്ടറുടെ റോളില്‍ റിയാന്‍ പരാഗ തിളങ്ങിയതിനാല്‍ മഹിപാല്‍ ലോമറോറിനെയോ കൃഷ്ണപ്പ ഗൗതമിനെയോ രാജസ്ഥാന്‍ ടീമിലേക്ക് പരിഗണിച്ചേക്കും. അതേ സമയം ആര്‍ച്ചര്‍ക്ക് പകരം ധവാല്‍ കുല്‍ക്കര്‍ണ്ണി ടീമിലേക്ക് മടങ്ങിയെത്തി പകരം ബാറ്റിംഗ് ഓര്‍ഡര്‍ ശക്തപ്പെടുത്തുവാന്‍ രാജസ്ഥാന്‍ ആഷ്ടണ്‍ ടര്‍ണര്‍ക്ക് ഒരവസരം കൂടി നല്‍കുമോ എന്നതും ഉറ്റുനോക്കേണ്ടതുണ്ട്.

പകരക്കാരാനാര് തന്നെയായാലും ജോഫ്ര കൊണ്ടുവന്നിരുന്ന വൈവിധ്യം ആ താരത്തിനു ടീമില്‍ എത്തിയ്ക്കാനാകില്ലെന്നത് ഉറപ്പ് തന്നെയാണ്. മത്സരം തുടങ്ങുന്നതിനു മുമ്പ് തന്നെ ഇംഗ്ലണ്ട് താരങ്ങളുടെ തിരിച്ചുപോക്ക് രാജസ്ഥാന് മേല്‍ സണ്‍റൈസേഴ്സിനു വ്യക്തമായ മേല്‍ക്കൈ നേടിക്കൊടുക്കുക തന്നെ ചെയ്തിട്ടുണ്ട്.

Advertisement