സ്മിത്ത് മുന്നിൽ നിന്ന് നയിച്ചു, രാജസ്ഥാൻ റോയൽസിന് ജയം

Photo:Twitter/@IPL
- Advertisement -

പുതിയ ക്യാപ്റ്റന് കീഴിൽ ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് മുംബൈ ഇന്ത്യൻസിനെതിരെ ജയം. 5 വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ജയത്തോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി.  ടോസ് നേടി രാജസ്ഥാൻ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മുംബൈ ഇന്ത്യൻസിന് ക്യാപ്റ്റൻ രോഹിത് ശർമയെ നേരത്തെ നഷ്ടമായെങ്കിലും ഡി കോക്കിന്റെ വെടിക്കെട്ട് ബാറ്റിംഗ് മുംബൈയെ 161 റൺസിൽ എത്തിക്കുകയായിരുന്നു. എന്നാൽ രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 5 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കാണുകയായിരുന്നു.

രാജസ്ഥാൻ റോയൽസിന് വേണ്ടി മലയാളി താരം സഞ്ജു സാംസൺ 19 പന്തിൽ 35 റൺസ് എടുത്തു പുറത്തായപ്പോൾ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 59 റൺസ് എടുത്തു പുറത്താവാതെ നിന്നു. ബെൻ സ്റ്റോക്സ് റൺസ് ഒന്നും എടുക്കാതെ പുറത്തായെങ്കിലും റിയാൻ പരാഗ് സ്മിത്തിന് മികച്ച പിന്തുണ നൽകി . പരാഗ് 29 പന്തിൽ 43 റൺസ് എടുത്താണ് പുറത്തായത്. അവസാന ഓവറുകളിൽ പരാഗിന്റെയും ടർണറുടെയും വിക്കറ്റുകൾ പെട്ടന്ന് നഷ്ടപ്പെട്ടെങ്കിലും 5 പന്ത് ശേഷിക്കെ സ്മിത്ത് രാജസ്ഥാൻ റോയൽസിനെ വിജയതീരത്ത് അടുപ്പിക്കുകയായിരുന്നു.

നേരത്തെ ആദ്യ ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് ഡി കോക്കിന്റെ ആദ്യ ഓവറുകളിലെ വെടിക്കെട്ടു പ്രകടനത്തിന്റെ പിൻബലത്തിൽ സ്കോർ 161ൽ എത്തിയത്. ഡി കോക്ക് 65 റൺസ് എടുത്തപ്പോൾ സൂര്യ കുമാർ യാദവ് 34 റൺസും പാണ്ട്യ 15 പന്തിൽ നിന്ന് 23 റൺസുമെടുത്ത് പുറത്തായി.

Advertisement