പവര്‍പ്ലേയില്‍ മുന്‍തൂക്കം നേടുവാന്‍ പഞ്ചാബിന് സാധിച്ചു – മയാംഗ് അഗര്‍വാള്‍

Mayankrahul

ഐപിഎലില്‍ ഇന്നലെ മുംബൈയ്ക്കെതിരെയുള്ള വിജയത്തില്‍ ഇരു ഇന്നിംഗ്സുകളിലെ പവര്‍പ്ലേയിലും മുന്‍തൂക്കം നേടുവാന്‍ പഞ്ചാബ് കിംഗ്സിന് സാധിച്ചതാണ് ടീമിന് തുണയായതെന്ന് പറഞ്ഞ് ഓപ്പണിംഗ് താരം മയാംഗ് അഗര്‍വാള്‍. ഇന്നലെ ബൗളിംഗില്‍ പഞ്ചാബ് മുംബൈയെ പവര്‍പ്ലേയില്‍ പിടിച്ചുകെട്ടുകയായിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ മുംബൈയ്ക്ക് 21 റണ്‍സാണ് നേടാനായത്. ഇത് പവര്‍പ്ലേയിലെ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ സ്കോര്‍ കൂടിയാണ്.

അതേ സമയം ബാറ്റിംഗില്‍ പഞ്ചാബ് വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സാണ് പവര്‍പ്ലേയ്ക്കുള്ളില്‍ നേടിയത്. ഇതിന്റെ ബലത്തിലാണ് ചെന്നൈ വിക്കറ്റില്‍ 9 വിക്കറ്റ് വിജയം നേടുവാന്‍ പഞ്ചാബിന് സാധിച്ചത്. കാര്യങ്ങള്‍ ലളിതമായി വെച്ച് ശരിയായ ക്രിക്കറ്റിംഗ് ഷോട്ടുകള്‍ കളിക്കുക എന്നത് ആയിരുന്നു താനും രാഹുലും ചേര്‍ന്ന് തീരുമാനിച്ചതെന്നും മയാംഗ് വ്യക്തമാക്കി.

രണ്ട് പോയിന്റ് സ്വന്തമാക്കുവാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും 9 വിക്കറ്റ് വിജയം ടീമിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുമെന്നും മയാംഗ് വ്യക്തമാക്കി.