ഐ.പി.എൽ ടീമുകൾക്ക് തിരിച്ചടി, വിദേശ താരങ്ങൾക്ക് ക്വറന്റൈൻ ഇളവില്ല

Photo:Twitter/@IPL
- Advertisement -

വിദേശ താരങ്ങൾക്ക് ഐ.പി.എല്ലിന് മുന്നോടിയായുള്ള ക്വറന്റൈനിൽ ഇളവ് നൽകേണ്ടതില്ലെന്ന് ബി.സി.സി.ഐ. ബയോ സുരക്ഷയുള്ള ഇംഗ്ലണ്ട് – ഓസ്ട്രേലിയ പരമ്പരയിൽ നിന്ന് താരങ്ങൾ വരുമ്പോൾ ഈ നിയമത്തിൽ അയവുവരുത്തണമെന്ന ഫ്രാഞ്ചൈസികളുടെ ആവശ്യമാണ് ബി.സി.സി.ഐ തള്ളിയത്. ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കേണ്ട ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങൾക്ക് ആദ്യ മത്സരങ്ങൾ നഷ്ടമായേക്കും. പ്രധാന വിദേശ താരങ്ങളായ ജോസ് ബട്ലർ, ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചറർ, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, പാറ്റ് കമ്മിൻസ് എന്നിവർക്ക് തങ്ങളുടെ ടീമിന്റെ ആദ്യ മത്സരം നഷ്ടമാവാനുള്ള സാധ്യതയേറി.

ഇംഗ്ലണ്ട്- ഓസ്ട്രേലിയ ടീമുകളിൽ നിന്ന് 29 താരങ്ങൾ ഐ.പി.എല്ലിലെ 8 ടീമുകൾക്ക് വേണ്ടി കളിക്കുന്നുണ്ട്. ഓസ്ട്രേലിയ സെപ്റ്റംബർ ആദ്യ ഘട്ടത്തിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നതാണ് താരങ്ങൾക്ക് തിരിച്ചടിയായത്. പരമ്പരയിലെ മത്സരങ്ങൾ സെപ്റ്റംബർ 16ന് മാത്രമാവും അവസാനിക്കുക. പരമ്പര കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞാണ് യു.എ.ഇയിൽ വെച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നത്. ബി.സി.സി.ഐ നിർദേശ പ്രകാരം യു.എ.ഇയിൽ എത്തുന്ന മുഴുവൻ ടീം അംഗങ്ങളും 7 ദിവസം ഹോട്ടൽ ക്വറന്റൈനിൽ ഇരിക്കണം. കൂടാതെ 1, 3, 6 ദിവസങ്ങളിൽ കോവിഡ് ടെസ്റ്റ് നടത്തുകയും വേണം. ഇതിന്റെയെല്ലാം ഫലങ്ങൾ നെഗറ്റീവ് ആയാൽ മാത്രമേ താരങ്ങൾക്ക് പരിശീലനം ആരംഭിക്കാനുള്ള അനുവാദമുള്ളൂ.

Advertisement