ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഗ്രൂപ്പ് മത്സരങ്ങൾ നടക്കുക മൂന്ന് ഘട്ടങ്ങളായി

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ മൂന്ന് ഘട്ടങ്ങളായി യു.എ.ഇയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ വെച്ച് നടത്താൻ ബി.സി.സി.ഐ ശ്രമം. 56 ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ 21 എണ്ണം വീതം അബുദാബിയിലും ദുബൈയിലും വെച്ചും 14 എണ്ണം ഷാർജ സ്റ്റേഡിയത്തിൽ വെച്ച് നടത്താനുമാണ്‌ ബി.സി.സി.ഐ ശ്രമം. എന്നാൽ നിലവിൽ യു.എ.ഇയിൽ കൊറോണ വൈറസ് ബാധ കേസുകൾ കൂടിയതിനെ തുടർന്ന് അബുദാബിയിലേക്കുള്ള അതിർത്തി കടക്കാൻ കോവിഡ് പരിശോധന നിർബന്ധമാക്കിയിരുന്നു.

ഈ കാരണത്താലാണ് ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി ആയിട്ടും ബി.സി.സി.ഐ മത്സരത്തിന്റെ ഫിക്സ്ചറുകൾ പുറത്തുവിട്ടിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ടീമുകൾക്ക് അബുദാബിയിലേക്കും ദുബൈയിലേക്കും മാറി യാത്ര ചെയ്യുന്നത് എളുപ്പമല്ല. സെപ്റ്റംബർ 19 മുതൽ നവംബർ 8 വരെ യു.എ.ഇയിലെ മൂന്ന് വേദികളിൽ വെച്ചാണ് ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുക. കഴിഞ്ഞ ആഴ്ച യു.എ.ഇയിൽ എത്തിയ ടീമുകൾ 6 ദിവസത്തെ ക്വറന്റൈൻ പൂർത്തിയാക്കിയതിന് ശേഷം പരിശീലനം ആരംഭിച്ചിരുന്നു.

Advertisement