കേന്ദ്ര സർക്കാർ ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തിയെങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗ് ഉടനെയൊന്നും നടക്കാൻ സാധ്യതയില്ലെന്ന് ബി.സി.സി.ഐ സെക്രട്ടറി അരുൺ ധുമാൽ. നിലവിൽ ഇന്ത്യയിൽ യാത്ര വിലക്ക് തുടരുന്നുണ്ടെന്നും അത് കൊണ്ട് തന്നെ യാത്രാവിലക്ക് നിലനിന്ന്കൊണ്ട് ഐ.പി.എൽ നടത്താൻ കഴിയില്ലെന്നും അരുൺ ധുമാൽ പറഞ്ഞു.
നിലവിൽ കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ പഠിച്ചുവരുകയാണെന്നും അതിന് അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കുമെന്നും ധുമാൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാണികൾ ഇല്ലാതെ സ്റ്റേഡിയം തുറക്കാനുള്ള അനുവാദം നൽകിയിരുന്നു.
എന്നാൽ കേന്ദ്ര സർക്കാരിന്റെ ഈ ഇളവോടെ പ്രാദേശികമായി ക്രിക്കറ്റ് താരങ്ങൾക്ക് ഗ്രൗണ്ടിൽ പോയി പരിശീലനം നടത്താൻ കഴിയുമെന്നും എന്നാൽ രാജ്യത്തിന്റെ വിവിധ ഭാഗത്ത് കുടുങ്ങി കിടക്കുന്ന താരങ്ങൾക്ക് ഒരുമിച്ച് പരിശീലനം നടത്താൻ കഴിയില്ലെന്നും ധുമാൽ വ്യക്തമാക്കി.