ഇന്ത്യൻ പ്രീമിയർ ലീഗിൽ താൻ നടത്തിയ പ്രകടനങ്ങൾ അല്ല തന്നെ ഇന്ത്യൻ ടീമിൽ എത്തിച്ചതെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. മറിച്ച് പ്രാദേശിക ക്രിക്കറ്റിൽ താൻ നടത്തിയ പ്രകടനങ്ങളാണ് തനിക്ക് ഇന്ത്യൻ ടീമിൽ അവസരം നൽകിയതെന്നും ബുംറ പറഞ്ഞു. ഐ.പി.എല്ലിൽ കൂടിയാണ് താൻ ഇന്ത്യൻ ടീമിൽ എത്തിയെന്നത് എന്നത് കെട്ടുകഥയാണെന്നും അതിൽ യാഥാർഥ്യം ഇല്ലെന്നും ബുംറ പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിംഗുമായുള്ള ലൈവ് ചാറ്റിനിടെയാണ് തന്റെ ഇന്ത്യൻ ടീമിലെ അരങ്ങേറ്റത്തെ കുറിച്ച് ബുംറ പ്രതികരിച്ചത്.
2013 ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ മുംബൈ ഇന്ത്യൻസിൻലൂടെയാണ് ബുംറയെ ക്രിക്കറ്റ് ലോകം അറിയുന്നത്. വ്യത്യസ്തമായ ബൗളിംഗ് ആക്ഷൻ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ബുംറ അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്ന് വിക്കറ്റ് നേടുകയും ചെയ്തിരുന്നു. 2013, 2014, 2015 സീസണുകളിൽ താൻ മുംബൈ ഇന്ത്യൻസിന് വേണ്ടി കുറച്ചു മത്സരങ്ങൾ മാത്രമാണ് കളിച്ചതെന്നും വിജയ് ഹസാരെ ട്രോഫിയിലും പ്രാദേശിക ടൂർണമെന്റിലും പുറത്തെടുത്ത മികച്ച പ്രകടനങ്ങളാണ് തനിക്ക് 2016ൽ ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാൻ കാരണമായതെന്നും ബുംറ പറഞ്ഞു. 2016ൽ ഇന്ത്യക്ക് വേണ്ടി ടി20യിലും ഏകദിനത്തിലും അരങ്ങേറ്റം നടത്തിയ ബുംറ 2018ലാണ് ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റം നടത്തുന്നത്.