2020ലെ ഇന്ത്യൻ പ്രീമിയർ ലീഗും ഇന്ത്യൻ ടീമിന്റെ പരിശീലനം ക്യാമ്പും യു.എ.ഇയിൽ വെച്ച് നടക്കാൻ സാധ്യതയേറുന്നു. ദുബായിയിലെ ഐ.സി.സി അക്കാദമിയിൽ വെച്ച് ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാമ്പ് നടത്താനുള്ള ശ്രമമാണ് ബി.സി.സി.ഐ നടത്തുന്നത്. കൊറോണ വൈറസ് ബാധ ഇന്ത്യയിൽ നിയന്ത്രണ വിധേയമാവാത്തതിനെ തുടർന്ന് ബി.സി.സി.ഐ ഇന്ത്യക്ക് പുറത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനുള്ള ശ്രമം തുടങ്ങിയിരുന്നു.
ഇതേ തുടർന്നാണ് ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാമ്പും ഇന്ത്യൻ പ്രീമിയർ ലീഗ് യു.എ.ഇയിൽ വെച്ച് നടത്താനുള്ള സാധ്യത ബി.സി.സി.ഐ ആലോചിക്കുന്നത്. മുംബൈയിലെ കൊറോണ വൈറസ് ബാധയുടെ സ്ഥിതി നിയന്ത്രണ വിധേയമായാൽ മാത്രമാവും ഇന്ത്യൻ ടീമിന്റെ ക്യാമ്പ് മുംബൈ വെച്ച് നടക്കുക. നിലവിലെ സാഹചര്യത്തിൽ അതിനുള്ള സാധ്യത വളരെ കുറവാണ്.
ജൂലൈ 17ന് നടക്കുന്ന ബി.സി.സി.ഐയുടെ അപെക്സ് കൌൺസിൽ മീറ്റിങ്ങിൽ കൂടുതൽ വ്യക്തത കൈവരുമെന്നാണ് കരുതപ്പെടുന്നത്. ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കിൽ സെപ്റ്റംബർ – ഒക്ടോബർ സമയങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനാണ് ബി.സി.സി.ഐ ശ്രമിക്കുന്നത്.