ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ബംഗ്ലാദേശ് ആവുന്നത്ര ശ്രമിച്ചുവെങ്കിലും ഒരിന്നിംഗ്സിനും 52 റണ്‍സിനും ജയം കരസ്ഥമാക്കി ന്യൂസിലാണ്ട്. 715/6 എന്ന വലിയ സ്കോര്‍ നേടി ഡിക്ലറേഷന്‍ നടത്തിയ ന്യൂസിലാണ്ടിനു വെല്ലുവിളിയാവും ബംഗ്ലാദേശ് എന്ന് ആരും തന്നെ കരുതിയിട്ടില്ലെങ്കിലും വീണ്ടും ആതിഥേയരെ ബാറ്റ് ചെയ്യിക്കുവാന്‍ വേണ്ട സ്കോര്‍ നേടി ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുക എന്നതായിരുന്നു ടീമിന്റെ ലക്ഷ്യം.
എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ വളരെ തുച്ഛമായ സ്കോറിനു ടീം പുറത്തായത് അവസാനം ബംഗ്ലാദേശിനു വിനയായി മാറുകയായിരുന്നു. സൗമ്യ സര്‍ക്കാരും മഹമ്മദുള്ളയും ശതകങ്ങള്‍ നേടി പൊരുതിയെങ്കിലും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനെ പുറത്താക്കിയ ശേഷം കാര്യമായ ചെറുത്ത് നില്പ് വാലറ്റത്തില്‍ നിന്നുയരാതെ പോയത് ബംഗ്ലാദേശിനു തിരിച്ചടിയായി.
126/4 എന്ന നിലയില്‍ ഒത്തുകൂടിയ സൗമ്യ സര്‍ക്കാര്‍-മഹമ്മദുള്ള കൂട്ടുകെട്ട് 235 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ നേടിയത്. വീണ്ടും ന്യൂസിലാണ്ടിനെ ബാറ്റ് ചെയ്യിപ്പിക്കുവാന്‍ ഇരുവര്‍ക്കും ആവുമെന്ന് കരുതിയ നിമിഷത്തിലാണ് 149 റണ്‍സ് നേടിയ സൗമ്യ സര്‍ക്കാരിനെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയത്. ബോള്‍ട്ടും വാഗ്നരറും ശേഷിക്കുന്ന വിക്കറ്റുകള്‍ നേടിയപ്പോള്‍ 146 റണ്‍സ് നേടിയ മഹമ്മദുള്ളയെ ഒമ്പതാം വിക്കറ്റായി ടിം സൗത്തി പുറത്താക്കി. നാല് പന്തുകള്‍ക്ക് ശേഷം അതേ ഓവറില്‍ തന്നെ ബംഗ്ലാദേശ് ഇന്നിംഗ്സിനും മത്സരത്തിനും തിരശ്ശീലയിടുവാനും സൗത്തിയ്ക്ക് സാധിച്ചു.
ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് 5 വിക്കറ്റും ടിം സൗത്തി മൂന്നും വിക്കറ്റുകള്‍ നേടിയപ്പോള്‍ നീല്‍ വാഗ്നര്‍ക്കായിരുന്നു രണ്ടാം വിക്കറ്റ്.