ധവാന് പിന്നാലെ രോഹിതിനും പരിക്ക്, ആശങ്കയിൽ ഇന്ത്യൻ ആരാധകർ

Jyotish

ഇന്ത്യൻ ക്യാമ്പിൽ ആശങ്കകൾ ഉയർത്തി പരിക്ക് വീണ്ടും വില്ലനാകുന്നു. ആദ്യ ഏകദിനത്തിൽ പരിക്കേറ്റ് റിഷഭ് പന്ത് പുറത്ത് പോയിരുന്നു. എന്നാൽ സൗരാഷ്ട്രയിലെ രണ്ടാം ഏകദിനം അവസാനിക്കുമ്പോൾ രണ്ട് താരങ്ങളാണ് പരിക്കിന്റെ പിടിയിലുള്ളത്. ശിഖർ ധവാനും രോഹിത് ശർമ്മയും ആണിപ്പോൾ ഇന്ത്യൻ ആരാധകർക്കിടയിൽ ആശങ്ക പടർത്തുന്നത്.

ഇന്ന് രാജ്‌കോട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഫീല്‍ഡ് ചെയ്യാന്‍ ധവാന്‍ ഇറങ്ങിയിരുന്നില്ല. ബാറ്റ് ചെയ്യുന്നതിന് ഇടയില്‍ പന്തുകൊണ്ട് ധവാന്റെ വാരിയെല്ലിന് പരിക്കേറ്റെന്നാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ട്. ഇന്ന് തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ച്ച വെച്ച ധവാന് കപ്പിനും ചുണ്ടിനുമിടയിലാണ് സെഞ്ചുറി നഷ്ടമായത്. എന്നാൽ രോഹിത്ത് ശർമ്മക്ക് പരിക്കേറ്റത് ഓസ്ട്രേലിയൻ ബാറ്റിംഗിനിടെയാണ്. ഫീൽഡിംഗിനിടെ 43ആം ഓവറിൽ ഇടം കൈക്ക് പരിക്കേറ്റ ഹിറ്റ്മാൻ ഫിസിയോയ്ക്കൊപ്പം കളം വിട്ടിരുന്നു. ഒരു ബൗണ്ടറി രക്ഷിക്കാൻ ഡൈവ് ചെയ്യുകയായിരുന്നു രോഹിത്. ഹിറ്റ്മാന് പകരം ജാദവായിരുന്നു പിന്നീട് ഫീൽഡ് ചെയ്തത്. മൂന്നാം ഏകദിനത്തിൽ ഇരു താരങ്ങളും ഉണ്ടാകുമോ എന്നത് ഇതുവരെ ഇന്ത്യൻ ക്യാമ്പ് സ്ഥിതീകരിച്ചിട്ടില്ല.