ഇന്‍ഡോര്‍ പിച്ച് മോശമെന്ന് വിധിയെഴുത്ത്, 3 ഡീമെറിറ്റ് പോയിന്റ്

Sports Correspondent

ഇന്‍ഡോറിൽ ഏഴ് സെഷനുള്ളിൽ അവസാനിച്ച മത്സരത്തിലെ പിച്ച് മോശമെന്ന് ഐസിസിയുടെ വിധിയെഴുത്ത്. ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ വിജയം നേടിയപ്പോള്‍ ആദ്യ രണ്ട് ദിവസത്തിനുള്ളിൽ തന്നെ മൂന്ന് ഇന്നിംഗ്സുകള്‍ അവസാനിച്ചിരുന്നു.

മത്സരത്തിന്റെ ആദ്യ സെഷനിൽ തന്നെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടമായിരുന്നു. ഐസിസി പിച്ച് ആന്‍ഡ് ഔട്ട്ഫീൽഡ് മോണിറ്ററിംഗ് പ്രോസസ്സ് നടത്തിയ അവലോകനത്തിലാണ് പിച്ച് മോശമെന്നും മൂന്ന് ഡീമെറിറ്റ് പോയിന്റ് വിധിയ്ക്കുകയും ചെയ്തത്.

മാച്ച് റഫറി ക്രിസ് ബ്രോഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് ശേഷം ആണ് ഇത്. പിച്ച് വളരെ ഡ്രൈ ആയിരുന്നുവെന്നും തുടക്കം മുതൽ സ്പിന്നര്‍മാര്‍ക്ക് പിന്തുണ നൽകിയ ഒന്നായിരുന്നുവെന്നുമാണ് ക്രിസ് ബ്രോഡ് വ്യക്തമാക്കിയത്.

അഞ്ച് വര്‍ഷക്കാലത്തേക്ക് ഈ ഡീമെറിറ്റ് പോയിന്റ് നിലനിൽക്കും. ഇതിനുള്ളൽ അഞ്ചിലധികം ഡീമെറിറ്റ് പോയിന്റ് വന്നാൽ 12 മാസത്തേക്ക് സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തുന്നതിൽ വിലക്കിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിക്കും. 10 ഡീമെറിറ്റ് പോയിന്റ് വന്നാൽ വിലക്ക് 2 വര്‍ഷത്തേക്കാവും.