അന്താരാഷ്ട്ര ക്രിക്കറ്റിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് രണ്ട് മാസത്തെ പരിശീലന ക്യാമ്പ് വേണം – ഭരത് അരുണ്‍

കൊറോണ മാറി അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുറഞ്ഞത് ആറ് മുതല്‍ എട്ട് ആഴ്ചത്തെ പരിശീലന ക്യാമ്പ് ആവശ്യമായിട്ടുണ്ടെന്ന് പറഞ്ഞ് ടീമിന്റെ ബൗളിംഗ് കോച്ച് ഭരത് അരുണ്‍. കൊറോണ മൂലം ക്രിക്കറ്റ് നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യം മാറി എന്ന് പൂര്‍വ്വ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നതില്‍ വലിയ വ്യക്തതയൊന്നും നിലവില്‍ ഇല്ല.

മേയ് 18 മുതല്‍ പരിശീലന പരിപാടികള്‍ ആരംഭിക്കുവാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത നേരത്തെ ബിസിസിഐ പുറത്ത് വിട്ടിരുന്നുവെങ്കിലും പിന്നീട് മേയ് 31 വരെ യാതൊരുവിധത്തിലുള്ള പരിശീലനവും വേണ്ടെന്നാണ് ബോര്‍ഡ് പിന്നീട് തീരുമാനിച്ചത്. അടുത്തിടെയാണ് ഇന്ത്യ തങ്ങളുടെ ലോക്ഡൗണ്‍ തീയ്യതി ഈ മാസം അവസാനം വരെ നീട്ടിയത്.

പ്രൊഫഷണല്‍ കായിക താരങ്ങള്‍ക്ക് ഇത്തരത്തില്‍ വീട്ടിലിരിക്കുക പ്രയാസമേറിയ കാര്യമാണെങ്കിലും ഇപ്പോള്‍ അതല്ലാതെ ഒന്നും ചെയ്യാനില്ലെന്ന് ഭരത് അരുണ്‍ വ്യക്തമാക്കി. ഇതൊരു വെല്ലുവിളിയായി തന്നെ കണക്കാക്കി ഇതിനെ അതിജീവിക്കുവാന്‍ കായിക താരങ്ങള്‍ ഒരുങ്ങണമെന്ന് ഭരത് അരുണ്‍ പറഞ്ഞു.

കാര്യമെന്തായാലും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് താരങ്ങള്‍ മടങ്ങി വരുന്നതിന് മുമ്പ് ചുരുങ്ങിയത് ആറ് മുതല്‍ എട്ട് ആഴ്ചത്തെ പരിശീലനം ആവശ്യമാണെന്ന് ടീം മാനേജ്മെന്റ് കണ്ടെത്തിയിട്ടുണ്ടെന്ന് ഭരത് അരുണ്‍ വ്യക്തമാക്കി.