ടീമിൽ മാറ്റങ്ങൾ ഉണ്ടാവും, സൂചനകൾ നൽകി രോഹിത് ശർമ്മ

Photo: IANS
- Advertisement -

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടാവുമെന്ന സൂചനകൾ നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ആദ്യ മത്സരത്തിൽ 7 വിക്കറ്റിന് ബംഗ്ലാദേശിനോട് തോറ്റ ഇന്ത്യക്ക് നാളത്തെ മത്സരം നിർണ്ണായകമാണ്.

എന്നാൽ കഴിഞ്ഞ മത്സരത്തിൽ കളിച്ച ബാറ്റിംഗ് നിരയെ അതെ പോലെ നിലനിർത്തുമെന്നാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ സൂചനകൾ നൽകിയത്. ബാറ്റിങ്ങിൽ കുഴപ്പങ്ങൾ ഒന്നും ഇല്ലെന്നും മാറ്റങ്ങൾ ആവശ്യമില്ലെന്നും മത്സരത്തിന് മുന്നോടിയായിട്ടുള്ള പത്ര സമ്മേളനത്തിൽ രോഹിത് ശർമ്മ പറഞ്ഞു. അതെ സമയം പിച്ചിന്റെ സ്വഭാവം പരിശോധിച്ച ശേഷം ബൗളിങ്ങിൽ മാറ്റം ഉണ്ടാവുമെന്ന സൂചനയും രോഹിത് ശർമ്മ നൽകി. കഴിഞ്ഞ മത്സരത്തിൽ പിച്ചിന്റെ സ്വഭാവത്തിന് അനുസരിച്ചാണ് ബൗളർമാരെ തിരഞ്ഞെടുത്തതെന്നും രാജ്‌കോട്ടിലെ പിച്ചിന്റെ സ്വഭാവത്തിന് അനുസരിച്ച് ബൗളർമാരെ തിരഞ്ഞെടുക്കുമെന്നും രോഹിത് ശർമ്മ പറഞ്ഞു.

ഇത് പ്രകാരം കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയ ഖലീൽ അഹമ്മദിന് പകരം ഷർദുൾ താക്കൂർ ടീമിൽ ഇടം നേടുമെന്നാണ് കരുതപ്പെടുന്നത്. അതെ സമയം കേരള താരം സഞ്ജു സാംസണ് ഈ മത്സരത്തിലും ടീമിൽ ഇടം ലഭിക്കില്ലെന്ന സൂചനകളാണ് രോഹിത് നൽകിയത്.

Advertisement