വനിതാ പ്രീമിയർ ലീഗ് സീസണിലെ രണ്ടാം മത്സരത്തിൽ താരമായി മലയാളി താരം സജന. ഡെൽഹി ക്യാപിറ്റൽസിന് എതിരെ മുംബൈ ഇന്ത്യൻസിന് ത്രസിപ്പിക്കുന്ന വിജയമാണ് നേടിയത്. അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസ് വേണ്ടിയിരുന്നപ്പോൾ സിക്സ് അടിച്ചു കൊണ്ട് മലയാളി താരം സജന സജീവൻ ആണ് മുംബൈ ഇന്ത്യൻസിനെ വിജയിപ്പിച്ചത്.
താൻ നേരിട്ട വനിതാ പ്രീമിയർ ലീഗിലെ ആദ്യ പന്ത് തന്നെ സജന സിക്സിലേക്ക് എത്തിക്കുകയായിരുന്നു. വയനാട് സ്വദേശിയാണ് സജന. ഇന്ന് ഡെൽഹി ക്യാപിറ്റൽസ് ഉയർത്തിയ 172 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിനായി യാസ്തിക ബാട്ടിയയും ഹർമൻപ്രീതും അർധ സെഞ്ച്വറി നേടി.
യാസ്തിക 45 പന്തിൽ നിന്ന് 57 റൺസും ഹർമൻപ്രീത് 34 പന്തിൽ 55 റൺസും എടുത്തു. അവസാന ഓവറിൽ മുംബൈക്ക് ജയിക്കാൻ 12 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. ആദ്യ അഞ്ചു പന്തിൽ നിന്ന് 7 റൺസ് എടുക്കാനെ മുംബൈക്ക് ആയുള്ളൂ. അലിസ് കാപ്സി എറിഞ്ഞ അവസാന പന്ത് നേരിടാൻ എത്തിയ സജന താൻ നേരിട്ട ആദ്യ പന്ത് തന്നെ സിക്സ് പറത്തി വിജയം ഉറപ്പിച്ചു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഡെൽഹി ക്യാപിറ്റൽസിന് മികച്ച സ്കോർ. മുംബൈ ഇന്ത്യൻസിന് എതിരെ 20 ഓവറിൽ 171-5 എന്ന് സ്കോർ നേടാൻ ഡെൽഹി ക്യാപിറ്റൽസിനായി. അലിസ് കാപ്സിയുടെ മികച്ച ഇന്നിംഗ്സ് ആണ് ഡെൽഹിക്ക് കരുത്തായത്. 53 പന്തിൽ നിന്ന് 75 എടുക്കാൻ കാപ്സിക്ക് ആയി. 3 സിക്സും 9 ഫോറും അവർ നേടി.
24 പന്തിൽ 42 റൺസ് എടുത്ത ജമീമയും ഡെൽഹിക്ക് ആയി തിളങ്ങി. ജമീമ 2 സിക്സും 5 ഫോറും അടിച്ചു. തുടക്കത്തിൽ 25 പന്തിൽ നിന്ന് 31 റൺസ് എടുത്ത മെഗ് ലാന്നിംഗും നല്ല പ്രകടനം കാഴ്ച വെച്ചു. 1 റൺ എടുത്ത ഷഫാലി ഇന്ന് നിരാശപ്പെടുത്തി.