മുംബൈയ്ക്കെതിരെ 155 റൺസ് നേടി ആര്‍സിബി. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബിയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. സ്മൃതി മന്ഥാനും സോഫി ഡിവൈനും ചേര്‍ന്ന് 4.2 ഓവറിൽ 39 റൺസ് നേടിയെങ്കിലും ടീം പിന്നീട് 43/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.
വലിയ സ്കോറുകള്‍ ആരും നേടിയില്ലെങ്കിലും ചുരുക്കം പന്തുകളിൽ അതിവേഗ സ്കോറിംഗ് ഏതാനും താരങ്ങള്‍ നടത്തിയത് ആര്‍സിബിയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചു. എന്നാൽ ടീമിനെ 18.4 ഓവറിൽ ഓള്‍ഔട്ട് ആക്കുവാന്‍ മുംബൈയ്ക്ക് സാധിച്ചു.
അവസാന ഓവറുകളിലെത്തിയ താരങ്ങള്‍ അതിവേഗത്തിൽ സ്കോര്‍ ചെയ്തതാണ് ആര്‍സിബിയ്ക്ക് തുണയായത്. ശ്രേയങ്ക പാട്ടിൽ 15 പന്തിൽ 23 റൺസ് നേടിയപ്പോള്‍ കനിക ആഹുജ 13 പന്തിൽ 22 റൺസ് നേടി. മെഗാന്‍ ഷൂട്ട് 14 പന്തിൽ 20 റൺസ് നേടി പുറത്തായി.
റിച്ച ഘോഷ് 28 റൺസ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സ്മൃതി മന്ഥാന 17 പന്തിൽ 23 റൺസ് നേടി. മുംബൈയ്ക്കായി ഹെയ്‍ലി മാത്യൂസ് മൂന്ന് വിക്കറ്റും അമേലിയ കെര്‍, സൈക ഇഷാഖ് എന്നിവര്‍ 2 വിക്കറ്റും നേടി.