വനിത പ്രീമിയര്‍ ലീഗിലെ അപരാജിത ടീമുകള്‍ തമ്മിലുള്ള മത്സരത്തിൽ വിജയം നേടി മുംബൈ ഇന്ത്യന്‍സ്. ഡൽഹി ക്യാപിറ്റൽസിനെ ഇന്നത്തെ മത്സരത്തിൽ നിഷ്പ്രഭമാക്കിയാണ് മുംബൈ തങ്ങളുടെ അപരാജിത കുതിപ്പ് തുടര്‍ന്നത്.
ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ 18 ഓവറിൽ 105 റൺസിന് എറിഞ്ഞൊതുക്കിയ മുംബൈ ബൗളിംഗ് നിരയിൽ സൈക ഇഷാഖും ഹെയ്‍ലി മാത്യൂസും ഇസ്സി വോംഗും മൂന്ന് വീതം വിക്കറ്റ് നേടിയാണ് ഡൽഹിയുടെ കഥ കഴിച്ചത്. ഹെയ്‍ലി 19 റൺസ് വിട്ട് നൽകിയപ്പോള്‍ സൈക 13 റൺസും വോംഗ് 10 റൺസും മാത്രമാണ് വിട്ട് നൽകിയത്. 43 റൺസ് നേടിയ മെഗ് ലാന്നിംഗ് ആണ് ഡൽഹിയുടെ ടോപ് സ്കോറര്‍. ജെമീമ റോഡ്രിഗസ് 25 റൺസ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്കായി യാസ്തിക ഭാട്ടിയയും ഹെയ്‍ലി മാത്യൂസും ചേര്‍ന്ന് 65 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. യാസ്തിയ 41 റൺസ് നേടി പുറത്തായപ്പോള്‍ 32 റൺസ് നേടിയ ശേഷം ഹെയ്‍ലിയും പുറത്തായി.
എന്നാൽ ചെറിയ ലക്ഷ്യം കാരണം അധികം വെല്ലുവിളി ഉയര്‍ത്തുവാന്‍ ഡൽഹി ബൗളിംഗ് നിരയ്ക്ക് സാധിക്കാതെ വന്നപ്പോള്‍ 15 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മുംബൈ വിജയം ഉറപ്പിച്ചു. നത്താലി സ്കിവര്‍ 23 റൺസും ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് 13 റൺസും നേടി പുറത്താകാതെ നിന്നാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. മൂന്നാം വിക്കറ്റിൽ 32 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.