താന്‍ ഭാഗ്യവാന്‍, പുറത്തായ പന്തൊഴികെ എല്ലാം തനിക്ക് അനുകൂലമായിരുന്നു

Sports Correspondent

തന്റെ അവിസ്മരണീയ ഇന്നിംഗ്സ് ടീമിനെ വിജയത്തിലേക്ക് നയിച്ചില്ലെങ്കിലും ശതകത്തിനു 9 റണ്‍സ് അകലെ എത്തി പുറത്തായ ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെ ഭാഗ്യം ഏറെ തുണച്ചെന്ന പക്ഷക്കാരനാണ്. താന്‍ പുറത്തായ പന്തൊഴികെ ബാക്കി എല്ലാം തനിക്ക് അനുകൂലമായാണ് മത്സരത്തില്‍ വന്നതെന്ന് ഹാര്‍ദ്ദിക് പറഞ്ഞു. സാഹചര്യങ്ങള്‍ തന്നെ ഇത്തരത്തിലൊരു ഇന്നിംഗ്സിനു ശ്രമിക്കുവാന്‍ പ്രേരിപ്പിക്കുകയായിരുന്നു. വേറെ ഒരു തരത്തിലും ലക്ഷ്യത്തിനു അടുത്തെതുവാന്‍ സാധിക്കില്ലെന്ന് ഉറപ്പായിരുന്നു.

ടി20യില്‍ ശതകം തനിക്ക് അത്ര പരിചയമുള്ള കാര്യമല്ല, താന്‍ അത് ക്രുണാലിനോട് പറയുകയും ചെയ്തിരുന്നു. താന്‍ ശതകത്തിനോട് അടുക്കുകയാണെന്നും ഇത് തനിക്ക് അത്ര അനുഭവമുള്ളതല്ലെന്നും താന്‍ ക്രുണാലിനോട് പറഞ്ഞിരുന്നുവെന്ന് ഹാര്‍ദ്ദിക് പറഞ്ഞു. താന്‍ ക്രീസിലെത്തിയപ്പോള്‍ പൊള്ളാര്‍ഡ് കൂടെയുണ്ടായിരുന്നു, കളിയുടെ ടെന്‍ഷനില്ലാതെ മത്സരം ആസ്വദിക്കുകയെന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യം. സ്കോറിനു വളരെ അടുത്തെത്തുകയെന്നതായിരുന്നു ലക്ഷ്യമെങ്കിലും ക്രുണാലിനു ചില ഷോട്ടുകള്‍ കണക്ട് ചെയ്യാന്‍ സാധിക്കാതെ പോയതും മുംബൈയുടെ സാധ്യതകളെ ബാധിച്ചുവെന്ന് ഹാര്‍ദ്ദിക് പറഞ്ഞു.