വാങ്കഡേയിലെ പിച്ച് ഇത്തവ വ്യത്യസ്തമായി പെരുമാറുകയാണെന്ന അഭിപ്രായവുമായി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതാണ് പിച്ചിന്റെ പെരുമാറ്റമെന്ന് തനിയ്ക്ക് തോന്നുവെന്ന് രോഹിത് പറഞ്ഞു. സണ്‍റൈസേഴ്സിനെതിരെ ഏറെ നിര്‍ണ്ണായകമായ മത്സരമായിരുന്നു, അതിനാല്‍ തന്നെ ഒരു സ്കോര്‍ നേടി അതിനെ പ്രതിരോധിക്കുക എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം.
ഞങ്ങളുടെ ബൗളിംഗില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. ചെന്നൈയ്ക്കെതിരെയും ഇവിടെ 170 റണ്‍സ് പ്രതിരോധിയ്ക്കുവാന്‍ കഴിഞ്ഞിരുന്നു. ഈ മത്സരത്തിലും ഏറെ കുറെ ഞങ്ങള്‍ക്ക് അത് സാധിച്ചിരുന്നു, എന്നാല്‍ അവസാനം മത്സരം സൂപ്പര്‍ ഓവറിലേക്ക് പോകുകയായിരുന്നു. ബൗളര്‍മാരുടെ വിശ്വാസത്തിലാണ് മുംബൈ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ചതെന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ വ്യക്തമാക്കിയത്.
സണ്‍റൈസേഴ്സ് ബാറ്റ്സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അവരുടെ ബാറ്റ്സ്മാന്മാര്‍ക്ക് അനുഭവസമ്പത്ത് കുറവാണ്, അതിനാല്‍ തന്നെ 140-150 നേടിയാലും സണ്‍റൈസേഴ്സിനു കാര്യങ്ങള്‍ ദുഷ്കരമാക്കാനാകുമെന്ന് ഞങ്ങള്‍ക്കൊരു വിശ്വാസമുണ്ടായിരുന്നുവെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.