കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് ആരെന്ന് ചോദിച്ചാല്‍ അതില്‍ യാതൊരുവിധ സംശയവുമില്ല, അത് ആന്‍ഡ്രേ റസ്സലാണെന്ന് ഏവരും സമ്മതിയ്ക്കും. 510 റണ്‍സ് നേടിയ താരത്തിനു എന്നാല്‍ അവസാന മത്സരത്തില്‍ ഒരു റണ്‍സ് പോലും എടുക്കാനാകാതെ ആദ്യ പന്തില്‍ തന്നെ പുറത്താകുകയായിരുന്നു. ബാറ്റിംഗ് ഓര്‍ഡറില്‍ താരത്തെ മുന്നില്‍ ഇറക്കണമെന്ന് ആവശ്യം പലപ്പോളും വന്നുവെങ്കിലും താരം ഈ മത്സരത്തിലും മൂന്നാം വിക്കറ്റ് വീണ ശേഷം 13ാം ഓവറിലാണ് ക്രീസിലെത്തുന്നത്.
റസ്സലിനെ ടോപ് ഓര്‍ഡറില്‍ ഇറക്കുവാനുള്ള അവസരമുണ്ടായിരുന്നുവെങ്കിലും താരം എല്ലാ മത്സരത്തിലും അടിച്ച് തകര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ലെന്നാണ് ടീം ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് അഭിപ്രായപ്പെട്ടത്. റസ്സല്‍ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ്, അതില്‍ യാതൊരു തര്‍ക്കവുമില്ല, ടീമെന്ന നിലയില്‍ ഇത് കൊല്‍ക്കത്തയുടെ മോശം സീസണായിരുന്നു. മെച്ചപ്പെടുവാന്‍ ഒട്ടനവധി മേഖലകളുണ്ട്, അടുത്ത വര്‍ഷം കൂടുതല്‍ ശക്തമായ പ്രകടനവുമായി ടീം തിരികെ എത്തുമെന്നും കൊല്‍ക്കത്തയുടെ നായകന് വ്യക്തമാക്കി.













