ഇന്ത്യൻ പ്രീമിയർ ലീഗിൽ അമ്പയർമാർക്ക് തലവേദനയായിരിക്കുകയാണ് മങ്കാദിങ്. രാജസ്ഥാൻ റോയൽസ് – കിങ്‌സ് ഇലവൻ പഞ്ചാബ് മത്സരത്തിനിടെയാണ് പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിൻ ജോസ് ബട്ട്ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത്. ഇത് ഒട്ടേറെ വിവാദങ്ങൾക്കും വഴിവെച്ചു. ഇതേ തുടർന്ന് ഐപിഎല്ലിലെ അമ്പയർമാരൊക്കെ മങ്കാദിങ് നടക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വെച്ച് പുലർത്തുകയാണ്.
ഇന്നലെ നടന്ന കിങ്‌സ് ഇലവൻ പഞ്ചാബ് – ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിലും ഇത് ആവർത്തിച്ചു. ചെന്നൈയുടെ ഇന്നിംഗ്സ് അവസാനഘട്ടത്തിലേക്ക് കടന്നപ്പോൾ പന്ത് എറിയുന്നതിനു മുൻപ് നോൺ സ്‌ട്രൈക്കർ എൻഡിലുള്ളഅമ്പാട്ടി റായിഡു പലതവണ ക്രീസ് വിടുന്നത് ശ്രദ്ധയിൽപെട്ട അമ്പയർ റായിഡുവിനും സിഎസ്കെ ക്യാപ്റ്റൻ ധോണിക്കും മുന്നറിയിപ്പ് നൽകിയിരുന്നു. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ ഒരു വിവാദം ഒഴിവാക്കാമായിരുന്നു അമ്പയറുടെ ഇടപെടൽ.