കോളിന് മണ്‍റോയും ശ്രേയസ്സ് അയ്യരും പ്രതീക്ഷയാര്‍ന്ന പ്രകടനം പുറത്തെടുത്തുവെങ്കിലും ഖലീല്‍ അഹമ്മദിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 155 റണ്‍സില്‍ തളച്ച് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഓപ്പണര്‍മാരെ തുടക്കത്തിലെ നഷ്ടമായെങ്കിലും കോളിന് ഇന്‍ഗ്രാമിനു പകരം ടീമില്‍ അവസരവും ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റവും ലഭിച്ച കോളിന് മണ്‍റോയും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് സണ്‍റൈസേഴ്സിനെ 20/2ല്‍ നിന്ന് 69/3 എന്ന നിലയിലേക്ക് എത്തിച്ചുവെങ്കിലും 24 പന്തില്‍ 40 റണ്‍സുമായി വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുകയായിരുന്ന കോളിന് മണ്‍റോയെ പുറത്താക്കി അഭിഷേക് ശര്‍മ്മ സണ്‍റൈസേഴ്സിനു മികച്ച ബ്രേക്ക് ത്രൂ നല്കി.
തുടര്‍ന്ന് ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 56 റണ്‍സ് നേടി ഡല്‍ഹിയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയപ്പോളാണ് ശ്രേയസ്സിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ഡല്‍ഹിയ്ക്ക് കനത്ത തിരിച്ചടി നല്‍കിയത്. 45 റണ്‍സാണ് ശ്രേയസ്സ് നേടിയത്. അടുത്ത ഓവറില്‍ ഖലീല്‍ വീണ്ടും ബൗളിംഗിലേക്ക് എത്തി പന്തിനെ പുറത്താക്കിയപ്പോള്‍ ഡല്‍ഹി 125/3 എന്ന നിലയില്‍ നിന്ന് 127/5 എന്ന നിലയിലേക്ക് വീണു.
ക്രിസ് മോറിസിനും അധികം ഒന്നും ചെയ്യാനാകാതെ പോയപ്പോള്‍ റഷീദ് ഖാന് താരത്തെ പുറത്താക്കി. 20 ഓവറില്‍ 155 റണ്‍സാണ് 7 വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. അക്സര്‍ പട്ടേല്‍ 14 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഖലീല്‍ അഹമ്മദ് 3 വിക്കറ്റ് നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ രണ്ടും അഭിഷേക് ശര്‍മ്മ, റഷീദ് ഖാന് എന്നിവര്‍ ഓരോ വിക്കറ്റും നേടി.