മെസ്സി ഇല്ലെങ്കിലും വൻ വിജയവുമായി പി എസ് ജി, ഹെരേരക്ക് ഇരട്ട ഗോളുകൾ

ലയണൽ മെസ്സിയും നെയ്മറും ഉണ്ടായിരുന്നില്ല എങ്കിലും ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് വലിയ വിജയം. ഇന്ന് പാരീസിൽ നടന്ന മത്സരത്തിൽ കുഞ്ഞന്മാരായ ക്ലെർമോണ്ടിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. മധ്യനിര താരമായ ആൻഡെർ ഹെരേര ഇരട്ട ഗോളുകളുമായി ഇന്ന് തിളങ്ങി. ഇരുപതാം മിനുട്ടിലും 31ആം മിനുട്ടിലും ആയിരുന്നു ഹെരേരയുടെ ഗോളുകൾ‌. ഈ ഗോളുകൾക്ക് ശേഷം അനായാസമായാണ് പി എസ് ജി കളിച്ചത്. രണ്ടാം പകുതിയിൽ എമ്പപ്പെയും ഇദ്രിസെ ഗുയെയും കൂടെ വല കണ്ടെത്തിയതോടെ വിജയം പൂർത്തിയായി.

ഡൊണ്ണരുമ്മ ആയിരുന്നു ഇന്ന് പി എസ് ജിയുടെ വല കാത്തത്. റാമോസ്, വൈനാൾദം തുടങ്ങിയ പുതിയ സൈനിംഗുകളും ഇന്ന് ഉണ്ടായിരുന്നില്ല. റാമോസ് ഇനിയും പി എസ് ജിക്കായി അരങ്ങേറ്റം നടത്തിയിട്ടില്ല. ഈ വിജയത്തോടെ 5 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ് പി എസ് ജി.