ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെ ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് പൊരുതാവുന്ന സ്കോർ. ലിന്നിന്റെ അർദ്ധ സെഞ്ചുറിയുടെ പിൻബലത്തിൽ കൊൽക്കത്ത 6 നഷ്ടത്തിൽ 159 റൺസ് എടുത്തു. ലിന്നും സുനിൽ നരേനും കൂടി കൊൽക്കത്തയ്ക്ക് സ്ഫോടനാത്മക തുടക്കമാണ് നൽകിയത്. 8 പന്തിൽ 25 വാരിക്കൂട്ടിയ നരേൻ മൂന്നാം ഓവറിൽ പുറത്താവുമ്പോൾ കൊൽക്കത്തയുടെ സ്കോർ 42 റൺസിൽ എത്തിയിരുന്നു.
എന്നാൽ തുടർന്ന് വന്ന ആർക്കും ലിന്നിനു പിന്തുണ നൽകാനാവാതെ പോയതോടെ സൺറൈസേഴ്‌സ് ബൗളർമാർ മേൽക്കോഴ്മ നേടുകയായിരുന്നു. അവസാന ഓവറുകളിൽ 25 പന്തിൽ 30 റൺസ് എടുത്ത റിങ്കു സിങ് മാത്രമാണ് കൊൽക്കത്ത നിരയിൽ പിടിച്ചു നിന്നത്. ലിൻ സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടയിൽ 51 റൺസ് എടുത്ത്പുറത്തായി. ഒന്നിന് പിറകെ ഒന്നായി വിക്കറ്റ് നഷ്ടപ്പെട്ടതോടെ മികച്ച സ്കോർ കണ്ടെത്തുന്നതിൽ കൊൽക്കത്ത പരാജയപ്പെടുകയായിരുന്നു. അവസാന ഓവറുകളിൽ 9 പന്തിൽ 15 റൺസ് നടത്തി റസ്സൽ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും കൊൽക്കത്തയുടെ ഇന്നിംഗ്സ് 159 റൺസിൽ അവസാനിക്കുകയായിരുന്നു. സൺറൈസേഴ്സിന് വേണ്ടി ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ രണ്ടു വിക്കറ്റും വീഴ്ത്തി.